കൊല്ലം : വേനൽ കടുത്താൽ ഉപ്പുവെളളവും ഓരുവെളളവും കുടിക്കാൻ വിധിക്കപ്പെട്ട ഒരുകൂട്ടം ആളുകൾ കൊല്ലത്തുണ്ട് ; കിഴക്കേ കല്ലട താഴം പ്രദേശത്തുകാർ. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കുടിവെളളമെത്തിക്കാൻ പദ്ധതികൾ പലത് വന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കിഴക്കേ കല്ലട പഞ്ചായത്തിലെ താഴം, കോയിക്കൽമുറി, പഴയാർ, ഉപ്പൂട്, മറവൂർ, നിലമേൽ ജംഗ്ഷൻ, ടൗൺ തുടങ്ങിയ വാർഡുകളാണ് പ്രധാനമായും താഴ്ന്ന പ്രദേശത്തുള്ളത്.
നാല് വശവും വെളളത്താൽ ചുറ്റപ്പെട്ടതും എന്നാൽ, ഒരുതുള്ളി ശുദ്ധജലം കുടിക്കാൻ കിട്ടാത്തതുമായ പ്രദേശമാണ് കിഴക്കേ കല്ലട. വേനലിന്റെ ആരംഭത്തിൽ തന്നെ
കിണറുകളിൽ ഉപ്പു വെളളവും ഓരുവെളളവും നിറയും. അതോടെ കുടിവെളളത്തിനായി നാട്ടുകാർ നെട്ടോട്ടവും തുടങ്ങും. ഉയർന്ന പ്രദേശങ്ങളായ ചിറ്റുമല, ഓണമ്പലം, തെക്കേമുറി, മുട്ടം, കൊച്ചു പിലാംമൂട്, പരിച്ചേരി, ശിങ്കാരപ്പളളി പ്രദേശങ്ങളിലെ പ്രശ്‌നം കിണറുകൾ വറ്റി വരളുന്നുവെന്നതാണ്. വെള്ളം പലതവണ അരിച്ചുവേണം ഉപയോഗിക്കാൻ. വാഹനങ്ങളിലെത്തിക്കുന്ന കുടിവെളളം വില കൊടുത്ത് വാങ്ങുകയേ പിന്നെ നിവർത്തിയുളളു. കഴിഞ്ഞ വേനലിൽ ഒരു ടാങ്ക് വെളളത്തിന് 500 രൂപ വരെ നൽകേണ്ടിവന്നതായി നാട്ടുകാർ പറയുന്നു.
കുടിവെള്ളം കിട്ടും,
ആഴ്ചയിൽ ഒരു ദിവസം
കുണ്ടറ ജല പദ്ധതിയിൽ നിന്നുളള വെളളമാണ് ജനങ്ങൾക്ക് അൽപ്പമെങ്കിലും
ആശ്വാസം നൽകുന്നത്. എന്നാൽ, ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വെളളം കിട്ടുന്നത്.
വേനൽ കടുത്താൽ ഇത് മാസത്തിലൊന്നാകും. കഴിഞ്ഞ വർഷം മൂന്നു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായി. ഇതോടെ പ്രതിഷേധവുമായി ജനങ്ങൾക്ക് തെരുവിലിറങ്ങേണ്ടിയും വന്നു.
കിഴക്കേ കല്ലടയിലെ താഴ്ന്ന പ്രദേശങ്ങളിലെ, പ്രത്യേകിച്ച് താഴം വാർഡിലെ ജലക്ഷാമം പരിഹരിക്കാൻ മൂഴി കുടിവെളള പദ്ധതി ആവിഷ്കരിച്ചെങ്കിലും ലക്ഷ്യം കാണും മുമ്പേ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പദ്ധതിക്കായി മൺറോത്തുരുത്ത് പഞ്ചായത്ത് കേന്ദ്രീകരിച്ച് ടാങ്ക് നിർമ്മിച്ച് പൈപ്പുകളും സ്ഥാപിച്ചു. ഭരണിക്കാവ് ക്ഷേത്രത്തോടു ചേർന്ന് കല്ലടയാറ്റിൽ കിണർ സ്ഥാപിക്കാൻ ഡ്രില്ലിംഗും തുടങ്ങി. ആദ്യഘട്ടത്തിൽ ശുദ്ധമായ വെളളമെന്നായിരുന്നു റിപ്പോട്ടുകൾ. എന്നാൽ, ജോലി പുരോഗമിച്ചപ്പോൾ ഉപ്പുവെളളമെന്നായി. അതോടെ ജോലികൾ നിർത്തിവച്ചു. പദ്ധതിക്കായി നിർമ്മിച്ച ടാങ്കും പൈപ്പുകളും ആർക്കും പ്രയോജനമില്ലാതെ ശേഷിക്കുന്നു. വാട്ടർ ടാങ്കിനോടു ചേർന്ന് കുഴൽകിണർ സ്ഥാപിച്ച് പദ്ധതി പുനരാംഭിക്കാൻ പിന്നീട് ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.
............................................
ഓരുവെളളവും ഉപ്പുവെളളവും ഒരുപോലെ കിഴക്കേ കല്ലടയുടെ ശാപമാണ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വേനലിൽ വറ്റി വരളും. കുണ്ടറ പദ്ധതിയിൽ നിന്നുളള വെളളം ലഭിക്കുന്നത് വല്ലപ്പോഴും. കുടിവെളള ക്ഷാമം പരിഹരിക്കാൻ കുടിവെളള പദ്ധതികൾ ആരംഭിക്കുക മാത്രമാണ് രക്ഷ. ജലക്ഷാമം രൂക്ഷമാകുന്ന മുറയ്ക്ക് സൗജന്യജലവിതരണം നടത്താൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കണം.
നകുലരാജൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |