കൊച്ചി: യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള പണം കൈമാറ്റം ഇന്ത്യയിൽ കുത്തനെ കൂടുന്നു. ഡിസംബറിലെ ഇടപാടുകൾ എക്കാലത്തെയും ഉയരത്തിലെത്തി. 12.82 ലക്ഷം കോടി രൂപ മതിക്കുന്ന 782 കോടി ഇടപാടുകളാണ് ഡിസംബറിൽ നടന്നത്. 12.11 ലക്ഷം കോടി രൂപ മതിക്കുന്ന 730 കോടി ഇടപാടുകൾ നടന്ന കഴിഞ്ഞ ഒക്‌ടോബറിലെ റെക്കാഡ് പഴങ്കഥയായി. 11.90 ലക്ഷം കോടി രൂപയായിരുന്നു നവംബറിൽ. ഡിസംബറിൽ ഇടപാടുകളുടെ എണ്ണം നവംബറിനേക്കാൾ 7.12 ശതമാനവും ഇടപാട് മൂല്യം 7.73 ശതമാനവും ഉയർന്നുവെന്ന് ഡിജിറ്റൽ ഇടപാടുകളുടെ നിയന്ത്രണ ഏജൻസിയായ നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി.
യു.പി.ഐയും പി2പിയും
ഒരാൾ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന സൗകര്യമാണ് പി2പി അഥവാ പിയർ-ടു-പിയർ (പേഴ്സൺ-ടു-പേഴ്‌സൺ) ഇടപാട്. ഇവിടെ യു.പി.ഐ ഒരു ഡിജിറ്റൽ സംവിധാനമാണ്. ഇപ്പോൾ പി2പിക്ക് പുറമേ യു.പി.ഐ വഴി പി2എം (പേഴ്‌സൺ-ടു-മർച്ചന്റ്) ഇടപാടുകളും സാധാരണമാണ്.
കുതിപ്പിന്റെ നാൾവഴി
ഇന്ത്യയിൽ യു.പി.ഐയുടെ തുടക്കം നോട്ട് അസാധുവാക്കലിന് പിന്നാലെ 2016ൽ.
2019 ഒക്‌ടോബറിൽ യു.പി.ഐ ഇടപാടുകൾ ആദ്യമായി 100 കോടി കടന്നു.
2020 ഒക്‌ടോബറിൽ 200 കോടി.
2021 ജൂലായിൽ 300 കോടി.
2022 ജൂലായിൽ 600 കോടി; മൂല്യം ₹10 ലക്ഷം കോടി കടന്നു.
ഫോൺപേ, ഗൂഗിൾപേ, പേടിഎം, ആമസോൺപേ തുടങ്ങിയവയാണ് ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള യു.പി.ഐ ആപ്പുകൾ.
2021 v/s 2022
2021ൽ ആകെ യു.പി.ഐ ഇടപാടുകൾ 3,800 കോടിയും മൂല്യം 71.54 ലക്ഷം കോടി രൂപയും ആയിരുന്നു. 2022ൽ ഇടപാടുകൾ 90 ശതമാനം മുന്നേറി 7,400 കോടിയായി. മൂല്യം 76 ശതമാനം വർദ്ധിച്ച് 125.94 ലക്ഷം കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |