പാലാ . നഗരസഭയിൽ സ്ഥാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് സി പി ഐയുടെ ഏക വനിതാ കൗൺസിലർ സന്ധ്യ വിനുകുമാറിനെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ആക്ഷേപിച്ചതായി പരാതി. വീതംവയ്പ്പിൽ തനിക്ക് വൈസ് ചെയർപേഴ്‌സൺ സ്ഥാനമോ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സ്ഥാനമോ വേണമെന്ന് സന്ധ്യ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നഗരസഭാ ഓഫീസിലെത്തിയ സന്ധ്യയോട് ''ആയിരം രൂപയ്ക്ക് ആക്രാന്തം കാണിക്കാൻ നാണമില്ലേ'' എന്ന് കേരള കോൺഗ്രസ് (എം) പ്രതിനിധിയായ ബൈജു ചോദിച്ചതായാണ് പരാതി.
ഇത് സംബന്ധിച്ച് സന്ധ്യ സി പി ഐ നേതൃത്വത്തോട് പരാതിപ്പെട്ടു. സാധാരണ കൗൺസിലർമാരേക്കാൾ ആയിരം രൂപ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് ഹോണറേറിയത്തിൽ കൂടുതലായി ലഭിക്കുന്നുണ്ട്. വിവാദങ്ങളുണ്ടാക്കുന്നതിൽ മിടുക്കനായ ബൈജുവിന്റെ പല നടപടികളും ഭരണനേതൃത്വത്തിന് തലവേദന സൃഷ്ടിച്ചുണ്ടെങ്കിലും പാർട്ടി നേതൃത്വം ഇദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കക്കണ്ടം സി പി എം സ്ഥാനാർത്ഥിയായി വന്നാൽ പിന്തുണയ്ക്കുമെന്ന സന്ധ്യയുടെ നിലപാടും ബൈജുവിനെ ചൊടിപ്പിച്ചതായി കരുതുന്നു.
ഇടതുമുന്നണിയിൽ ഉന്നയിക്കും.
ന്യായമായും ലഭിക്കേണ്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ആവശ്യപ്പെട്ട തങ്ങളുടെ കൗൺസിലറെ പരസ്യമായി ആക്ഷേപിച്ച ബൈജു കൊല്ലംപറമ്പിലിന്റെ നടപടിയെപ്പറ്റി ഇടതുമുന്നണി യോഗത്തിൽ പരാതി ഉന്നയിക്കുമെന്ന് സി പി ഐ നേതാക്കൾ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കാനാണ് സി പി ഐ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |