കോട്ടയം . ഇന്ധന വില ഉയർന്നതോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഗിയർ മാറ്റുന്നവരുടെ എണ്ണം കൂടുന്നു. 2021 ൽ ജില്ലയിൽ 196 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2022 ൽ അത് 595 ആയി ഉയർന്നു. കാറുകളും സ്കൂട്ടറുകളും ഓട്ടോറിക്ഷകളുമാണ് ജില്ലയിലുള്ളത്. കൂടുതൽപ്പേരും തിരഞ്ഞെടുത്തത് സ്കൂട്ടർ. 2021 ൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് സ്കൂട്ടറുകളുടെ എണ്ണം 123 ആയിരുന്നു. കഴിഞ്ഞ വർഷം 408 ആയി കുതിച്ചുയർന്നു. 2022 മാർച്ചിൽ മാത്രം 91 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2021 ജനുവരിയിൽ അഞ്ചു വാഹനങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022 ജനുവരിയിൽ 42 ഇലക്ട്രിക് വാഹനങ്ങളാണ് ആളുകൾ സ്വന്തമാക്കിയത്.
കണക്ക് ഇങ്ങനെ (2021, 2022).
കാർ : 51, 130
സ്കൂട്ടർ : 123, 408
ഓട്ടോ : 23, 56
ചാർജിംഗ് സ്റ്റേഷനുകൾ
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ജില്ലയിൽ കെ എസ് ഇ ബി 48 ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 45 എണ്ണം പോൾമൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ്. ഓരോ നിയോജക മണ്ഡലത്തിലും 5 സ്റ്റേഷനുകൾ എന്ന നിലയിൽ വൈദ്യുതിപോസ്റ്റുകളിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. സ്കൂട്ടറുകൾക്കും ഓട്ടോറിക്ഷകൾക്കും ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കാം. കാറുകൾക്കായി പള്ളം, ശാസ്ത്രി റോഡ്, ഗാന്ധിനഗർ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുണ്ട്. 60 കിലോവാട്ട്, 30 കിലോവാട്ട്, 10 കിലോവാട്ട് എന്നിങ്ങനെയാണ് മൂന്നു ചാർജിംഗ് പോയിന്റുകൾ.
ആപ്പിലൂടെ ചാർജിംഗ്
ഇരുചക്രവാഹനങ്ങൾ പോൾമൗണ്ടഡ് സ്റ്റേഷനുകളിൽ ചാർജ് ചെയ്യാൻ ചാർജ് മോഡ് എന്ന ആപ്പ് എടുക്കണം. സബ്സ്ക്രൈബ് ഓപ്ഷൻ തിരഞ്ഞെടുത്ത് പ്ലാൻ റീച്ചാർജ് ചെയ്യുക. വാഹനം കണക്ട് ചെയ്തശേഷം അവിടെയുള്ള ക്യൂ ആർ കോഡ് വഴി ആപ്പിൽ കയറി ചാർജ് ചെയ്യാം. സ്റ്റോപ്പ് ചാർജിംഗ് തിരഞ്ഞെടുത്ത ശേഷമേ പവർ പിൻവലിക്കാവൂ. ബില്ല് വാട്സ് ആപ്പിലും ഇമെയിലിലും ലഭിക്കും. ചാർജിംഗ് പോയിന്റുകൾ എവിടെയൊക്കെയുണ്ടെന്ന് ആപ്പിലറിയാം. ചാർജിംഗിനായി കൂടുതൽ സമയമെടുക്കുന്നതും ചാർജിംഗ് പോയിന്റുകൾ കുറവാണെന്നതും വെല്ലുവിളിയാണ്.
ചെലവ് ഇങ്ങനെ
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ : യൂണിറ്റിന് 15.34 രൂപ.
പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷൻ : യൂണിറ്റിന് 10.62 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |