എരുമേലി . മതമൈത്രിയുടെ സന്ദേശവുമായി ചരിത്രപ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. നാളെയാണ് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെയും കാവടികളുടെയും അകമ്പടിയോടെയാണ് ചന്ദ്രനക്കുട മഹോത്സവം അരങ്ങേറുന്നത്. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് എരുമേലി നൈനാർ പള്ളി (വാവര് പള്ളി) വളപ്പിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും. ദേവസ്വം ബോർഡ്, അയ്യപ്പസേവാസംഘം, പൊലീസ്, വ്യാപാരി സംഘടനകൾ, ഗ്രാമപഞ്ചായത്ത്, മറ്റ് സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധകേന്ദ്രങ്ങളിൽ ഘോഷയാത്രയെ വരവേൽക്കും.
എരുമേലി കൊച്ചമ്പലത്തിൽ നിന്നാണ് എരുമേലി പേട്ടതുള്ളലിന് തുടങ്ങുന്നത്. ആകാശത്ത് കൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ ആരംഭിക്കും. തുടർന്ന് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘവും പേട്ടതുള്ളും. വലിയ അമ്പലത്തിൽ സമാപിക്കും. ഇരു സംഘങ്ങൾക്കും മുസ്ലിം പള്ളിയിലും ക്ഷേത്രത്തിലും സ്വീകരണം നൽകും. അമ്പലപ്പുഴ സംഘമാണ് മുസ്ലിം പള്ളിയിൽ പ്രവേശിക്കുക. പള്ളിയെ വലംവച്ച് പേട്ടതുള്ളിയെത്തുന്ന സംഘത്തോടൊപ്പം ജമാഅത്തിന്റെ ഒരുഅംഗം വലിയമ്പലംവരെ അനുഗമിക്കും. അയ്യപ്പനോടൊപ്പം വാവരുസ്വാമിയും ശബരിമലയ്ക്കുപോയി എന്ന സങ്കൽപ്പത്തിലാണ് അനുഗമിക്കൽ. വലിയമ്പലത്തിന്റെ കവാടത്തിൽ ദേവസ്വംബോർഡും അയ്യപ്പ സേവാസംഘവും ചേർന്ന് അമ്പലപ്പുഴ സംഘത്തെ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |