കോട്ടയം . കൂണുപോലെ മുളയ്‌ക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യവിഷബാധ പതിവാകുമ്പോഴും പരിശോധനയുടെ പേരിലുള്ള ആരോഗ്യ - ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നു. ആരോഗ്യവകുപ്പിൽ നിന്ന് ഭക്ഷ്യസുരക്ഷയുടെ ചുമതല മാറ്റിയപ്പോൾ മുതലാണ് ആര് പരിശോധനയ്‌ക്കെത്തും എന്നത് സംബന്ധിച്ചുള്ള തർക്കം തുടങ്ങിയത്. ഹോട്ടലുകളിലെ വൃത്തി മാത്രമാണ് ആരോഗ്യ വിഭാഗം പരിശോധിക്കുന്നത്. ഇത്തരം ഹോട്ടലുകൾക്ക് പിഴ ചുമത്തി ഏതാനും ദിവസം അടച്ചിടുന്നത് മാത്രമാണ് ആകെയുള്ള നടപടി. ഭക്ഷണ സാമ്പിൾ ലാബിലേക്ക് അയക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. എന്നാൽ ഇത് കൃത്യമല്ലെന്നാണ് ആക്ഷേപം.
ഇത്തരം കേസുകൾക്കായി ഫാസ്റ്റ്ട്രാക്ക് കോടതി വേണമെന്ന ആവശ്യവും ജലരേഖയായി. ജീവനക്കാരുടെ കുറവും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിന് ജില്ലയിൽ ആകെയുള്ളത് 40 ൽ താഴെ ജീവനക്കാർ മാത്രമാണ്. ഇതിൽ 11 പേർക്ക് മാത്രമേ പരിശോധനയ്ക്ക് അധികാരമുള്ളൂ. ബാക്കിയുള്ളവർ ക്ളർക്ക്, അറ്റൻഡർ, ടൈപ്പിസ്റ്റ് തസ്തികകളിലുള്ളവരാണ്. ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്നതിനുള്ള പരിശോന നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തെ ഉൾപ്പെടുത്തി ഫുഡ് ആൻഡ് സേഫ്ടി എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഹോസ്റ്റൽ ഭക്ഷണത്തിൽ പ്ലാസ്റ്റിക്ക്.
കോട്ടയം നഗരത്തിൽ ചന്തക്കടവ് - മാമ്മൻമാപ്പിള ഹാൾ റോഡിലെ ഹോസ്റ്റലിലുള്ള വിദ്യാർത്ഥികൾക്ക് ഇന്നത്തെ ഉച്ചഭക്ഷണത്തിൽ നിന്ന് ലഭിച്ചത് പ്ലാസ്റ്റിക്കിന്റെ അംശം. ഭക്ഷണത്തിനും താമസത്തിനുമായി മാസം 6000 രൂപ മുതൽ ഹോസ്റ്റലുകൾക്ക് നൽകുന്ന വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവം. ഹോസ്റ്റൽ മെസിലെ പരിശോധനകളുടെ അഭാവമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും പരാതിയുണ്ട്. മെസ് ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ആരോഗ്യവകുപ്പെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വഴിപാട് മാത്രമായി.
ജീവനക്കാർ 40 ൽ താഴെ
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജില്ലയിലെ ജീവനക്കാർ : 40ൽ താഴെ
ഫുഡ് സേഫ്ടി ഓഫീസർ : 9
നോഡൽ ഓഫീസർ : 1
ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ : 1
ക്ളർക്ക്, അറ്റൻഡർമാർ, ടൈപ്പിസ്റ്റ് : 29
നഗരസഭയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ : 12
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |