പിഴ: 500
തെറ്റ് ആവർത്തിച്ചാൽ: ലൈസൻസ് റദ്ദ്
തിരുവനന്തപുരം: നഗരത്തിൽ വാഹനപരിശോധന കർശനമാക്കി പൊലീസ്. ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് വ്യാപകമായതിനെ തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പൊലീസ് പരിശോധനയ്‌ക്കൊപ്പം മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡ് തിരിച്ചുള്ള പരിശോധനകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിൽ, നഗരത്തിലെ മഴുവൻ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ട്രാഫിക് സൗത്ത്, ട്രാഫിക് നോർത്ത്, കൺട്രോൾ റൂം വാഹനം, പിങ്ക് പട്രോളിംഗ് വാഹനങ്ങളുൾപ്പെടെയുള്ള പട്രോളിംഗ് സംഘങ്ങളാണ് പരിശോധന നടത്തിയത്. സീറ്റ് ബെൽറ്റ് പരിശോധനയും ഇതിനൊപ്പം കർശനമാക്കിയിട്ടുണ്ട്.ലെയിൻ ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിരവധി കേസുകളും രജിസ്റ്റർ ചെയ്തു.മതിയായ രേഖകളില്ലാതെ, അമിത വേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും പിഴ ഈടാക്കുന്നുണ്ട്.
പിഴ ഈടാക്കിത്തുടങ്ങി
ശനിയാഴ്ച മുതൽ വാഹന പരിശോധനയിൽ പിഴ ഈടാക്കിത്തുടങ്ങി. രണ്ടു ദിവസങ്ങളിലായി ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 543 പേർക്കെതിരെയും പിൻസീറ്റ് യാത്ര നടത്തിയ 816 പേരിൽ നിന്നും പിഴ ഈടാക്കി. ഒരാഴ്ചയായി നടക്കുന്ന വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ പിൻ സീറ്റിൽ യാത്ര ചെയ്ത 6442 പേരെ കണ്ടെത്തി താക്കീത് നൽകി വിട്ടയച്ചിരുന്നു.
റോഡുകളിലെ വെല്ലുവിളി
കേരളത്തിലെ റോഡുകളുടെ വീതിക്കുറവ് ലൈൻ കൃത്യമായി പാലിക്കുന്നതിന് വെല്ലുവിളിയാണ്. ഇത് നിയമം കർശനമായി പാലിക്കുന്നതിന് തടസമാകുന്നുണ്ട്. എങ്കിലും ഡ്രൈവർമാരെ പരമാവധി കൃത്യമായി ലൈൻ പാലിച്ച് ഓടിക്കുന്നതിനുള്ള ശ്രമമാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |