ദേശാടനപ്പക്ഷികളിൽ നിന്നാകാം രോഗബാധയെന്ന് നിഗമനം
തിരുവനന്തപുരം: പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂർ പഞ്ചായത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികൾ,താറാവുകൾ,അരുമപ്പക്ഷികൾ എന്നിവയെ കേന്ദ്ര സർക്കാർ മാർഗരേഖ പ്രകാരം കൊന്നൊടുക്കിത്തുടങ്ങി. ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്വകാര്യ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ പക്ഷികളെയാണ് കൊന്നത്. പതിനഞ്ചാം വാർഡിന് പുറമെ പതിനേഴാം വാർഡ് പൂർണമായും 7,12,14,16,18 എന്നീ വാർഡുകൾ ഭാഗികമായുമാണ് ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്നത്.
ഇറച്ചി,മുട്ട,വളം എന്നിവയുടെ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അഴൂർ പഞ്ചായത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴികൾ,താറാവുകൾ,അരുമപ്പക്ഷികൾ എന്നിവയുടെ കടത്ത്,വില്പന,കൈമാറ്റം എന്നിവയും കളക്ടർ നിരോധിച്ചിട്ടുണ്ട്. രോഗം ബാധിച്ച സ്ഥലം കഠിനംകുളം കായൽ പ്രദേശത്തിനോടു ചേർന്നതായതിനാൽ ദേശാടനപ്പക്ഷികളിൽ നിന്നുമാണ് രോഗബാധയുണ്ടായതെന്നാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ജന്തുജന്യരോഗമായതിനാൽ മറ്റു പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ വേണ്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും (കൾ) ഒഴിവാക്കുന്നതിനുമുള്ള ചുമതല. 1,859 ഓളം വിവിധ പ്രായത്തിലുള്ള പക്ഷികളെ നിലവിൽ 'കൾ' ചെയ്തു. 226 കിലോ തീറ്റയും, 392 മുട്ടയും നശിപ്പിച്ചു. 'കൾ' ചെയ്യപ്പെടുന്ന പക്ഷികൾ താറാവുകൾ എന്നിവയുടെ പ്രായം, എണ്ണം എന്നിവ രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്നലെ വെളുപ്പിന് അഞ്ചോടെ പി.പി.ഇ കിറ്റുകളും മറ്റ് അനുബന്ധ സുരക്ഷാ ഉപകരണങ്ങളുമായി റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് ജോലികൾ ആരംഭിച്ചത്. സംഘം ക്ലോറോഫോം അടക്കമുള്ള ലായനികൾ തളിച്ച പ്ലാസ്റ്റിക് കവറുകളിൽ പക്ഷികളെ കയറ്റി വേദനാരഹിതമായ രീതിയിൽ കൊന്നശേഷം വാഹനങ്ങളിൽ പെരുങ്ങുഴി ആറാട്ടുകടവിന് സമീപമുള്ള കായൽത്തീര പുറമ്പോക്ക് ഭൂമിയിലെത്തിക്കുകയായിരുന്നു. ഇവിടെ രാവിലെതന്നെ ജെ.സി.ബി അടക്കമുള്ളവ എത്തിച്ച് കുഴിയെടുത്തിരുന്നു. പ്ലാവിൻ തടിക്കഷ്ണങ്ങൾ,ചിരട്ട,തൊണ്ട്,പഞ്ചസാര,ഡീസൽ എന്നിവ ഉപയോഗിച്ചാണ് പക്ഷികളെ കത്തിച്ചത്.
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തുപക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ. കൗശിഗൻ അറിയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.എം.ബീനാബീവി, ചീഫ് വെറ്ററിനറി ഓഫീസർ വി.വി.അനിത, ഡെപ്യൂട്ടി ഡയറക്ടർ അരുണോദയ, താലൂക്ക് കോ-ഓർഡിനേറ്റർ ശ്രീകുമാർ പി.എസ്, തഹസീൽദാർ വേണുജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, ഡോ.പദ്മപ്രസാദ്, എസ്.എച്ച്.ഒ ജി.ബി മുകേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.സുര, എസ്.വി അനിലാൽ, സജിത്ത് മുട്ടപ്പലം തുടങ്ങിയവർ ആറാട്ടുകടവിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |