ആലപ്പുഴ : കുട്ടികളുടെ സ്കൂൾ വാഹനയാത്ര നിരീക്ഷിക്കാൻ രക്ഷിതാക്കൾക്ക് അവസരം ഒരുക്കുന്ന ' വിദ്യാവാഹൻ' ആപ്പ് പുറത്തിറങ്ങിയിട്ടും വഴിയറിയാനുള്ള മാർഗം തെളിയുന്നില്ല. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആപ്പ് പ്ലേ സ്റ്റോറിൽ എത്തിയിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇത് ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ പ്രാവർത്തികമായിട്ടില്ല. ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് യാതൊരു ഉത്തരവും ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല.
വാഹന വിവരങ്ങൾക്ക് പുറമേ രക്ഷിതാവിന്റെ മൊബൈൽ നമ്പർ സ്കൂൾ അധികൃതർ ആപ്പിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ രക്ഷിതാക്കൾക്ക് ആപ്പിൽ പ്രവേശിക്കാനും വാഹനം ട്രാക്ക് ചെയ്യാനും സാധിക്കുകയുള്ളൂ. ഇതിനകം ആയിരക്കണക്കിന് രക്ഷിതാക്കൾ ആപ്പ് ഡൗൺലോഡ് ചെയ്തെങ്കിലും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടില്ല. ഒരേ വീട്ടിലെ കുട്ടികൾ വ്യത്യസ്ത സ്കൂളുകളിലാണെങ്കിൽ പോലും വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യമടക്കമാണ് മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ യാത്ര കൃത്യമായി മനസിലാക്കാനും അമിത വേഗതയടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ ഇടപെടാനും ആപ്പിൽ അവസരം ലഭിക്കും.
ഉത്തരവ് എത്തിയില്ല
വിദ്യാവാഹൻ ആപ്പ് പുറത്തിറങ്ങിയെങ്കിലും ആപ്പ് സംബന്ധിച്ച യാതൊരു ഉത്തരവുകളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കോ വിദ്യാഭ്യാസ വകുപ്പിനോ ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സ്കൂളുകൾ കേന്ദ്രീകരിച്ച് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ സാധിക്കൂ. കുട്ടികളുടെ യാത്ര ട്രാക്ക് ചെയ്യാനുള്ള ആപ്പിനായുള്ള പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്
വിദ്യാവാഹൻ
സ്കൂൾ വാഹനത്തിന്റെ യാത്ര നിരീക്ഷിക്കാം
യാത്രയുടെ തത്സമയ വിവരങ്ങൾ ലഭിക്കും
ആപ്പിലൂടെ ഡ്രൈവറുമായും സഹായിയുമായും ബന്ധപ്പെടാം
അമിത വേഗതയിലോടിയാൽ രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും
ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യം
രക്ഷിതാവിന്റെ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്യാം
ഓരോ സ്കൂൾ വാഹനത്തിനും പ്രത്യേക യൂസർ നെയിമും ലോഗിനും
ആപ്പിന്റെ തുടർ നടപടികൾ സംബന്ധിച്ച ഉത്തരവുകൾ ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ആരംഭിക്കും
- മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
സ്കൂളുകൾ കേന്ദ്രീകരിച്ച് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശം ലഭിച്ചിട്ടില്ല.
-ജില്ലാ വിദ്യാഭ്യാസ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |