പന്തളം : ജില്ലയിൽ നീർപക്ഷികളുടെ എണ്ണത്തിൽ വർദ്ധനയുള്ളതായി പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ 'പത്തനംതിട്ട ബേഡേഴ്‌സിന്റെ' കണക്കെടുപ്പിൽ കണ്ടെത്തി. കേരളാ വനംവന്യജീവി വകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തിയത്. പന്തളം നഗരസഭയിലെ ചേരിക്കൽ, പൂഴിക്കാട്, കുളനട പഞ്ചായത്തിലെ ഉളനാട്, പോളച്ചിറ, ആറന്മുള നാൽകാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച എന്നിവിടങ്ങളിലും അപ്പർകുട്ടനാടൻ നീർത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ എന്നിങ്ങനെ ജില്ലയിലെ 8 നീർത്തടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്.
നീർപക്ഷികളും നീർത്തടങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവയുമായ 63 ജാതികളിൽപെട്ട 7142 പക്ഷികളെ എണ്ണി തിട്ടപ്പെടുത്തുവാൻ പക്ഷിനിരീക്ഷകർക്ക് കഴിഞ്ഞു.
അപ്പർകുട്ടനാടൻ നീർത്തടമായ ഇടിഞ്ഞില്ലത്തു നിന്ന് 39 പുള്ളിച്ചുണ്ടൻ കൊതുമ്പന്നങ്ങളെയാണ് കണക്കെടുപ്പ് സംഘം നിരീക്ഷിച്ചത്. കരിങ്ങാലി പുഞ്ചയിൽ നിന്ന് ചരൽകുരുവിയെയും കണ്ടെത്തി.
നീർപക്ഷികളൊടൊപ്പം മറ്റു പക്ഷികളുടെയും വിവരം ശേഖരിച്ചിരുന്നു. എട്ട് നീർത്തടപ്രദേശത്തു നിന്നുമായി മൊത്തം 114 ജാതി പക്ഷികളെയാണ് സർവ്വേ സംഘം രേഖപ്പെടുത്തിയത്. പക്ഷിനിരീക്ഷകരും പക്ഷിഫോട്ടോഗ്രാഫർമാരും വിദ്യാർത്ഥികളും വനംവകുപ്പുദ്യോഗസ്ഥരുമടങ്ങുന്ന ഒരോസംഘങ്ങളും രാവിലെ 6.30 മുതൽ 10.30 വരെയാണ് ഒരോ നീർത്തടത്തിലും കണക്കെടുപ്പ് നടത്തിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഈ പക്ഷിപഠനത്തിൽ പങ്കെടുത്തു.
സമൂഹ്യവനവൽക്കരണ വിഭാഗം അസി.കൻസർവേറ്റർ സി.കെ.ഹാബി , റേഞ്ച് ഓഫിസർ അശോകൻ എ.എസ്, പത്തനംതിട്ട ബേഡേഴ്‌സ് അംഗങ്ങളായ ഹരി മവേലിക്കര, ജിജി സാം, അനീഷ് ശശിദേവൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ മുതിർന്ന പക്ഷിനിരീക്ഷകരായ അനീഷ് മോഹൻ തമ്പി, അമ്പാടി.എസ്, റോബിൻ സി.കോശി, ഹരികുമാർ മാന്നാർ, ശ്രീദേവി മാധവൻ എന്നിവർ വിവിധ സംഘങ്ങളെ നയിച്ചു.
ദേശാടന പക്ഷികൾ
പുള്ളിച്ചുണ്ടൻ കൊതുമ്പന്നം, വർണ്ണക്കൊക്ക്, കരണ്ടിക്കൊക്ക്, ചെമ്പൻ ഐബിസ്, സൂചിവാലൻ എരണ്ട, ബഹുവർണ്ണ മണലൂതി, ചതുപ്പൻ, പുള്ളി കാടക്കൊക്ക്, കരിമ്പൻ കാടക്കൊക്ക്, ആറ്റുമണൽക്കോഴി, പൊൻമണൽക്കോഴി, പവിഴക്കാലി, പച്ചക്കാലി, വെള്ളവാലുകുലുക്കി, മഞ്ഞവാലുകുലുക്കി, വഴികുലുക്കി, കരിതപ്പി, കരി ആള.
ജില്ലയിലെ നീർത്തടങ്ങളുടെ സംരക്ഷണപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അഞ്ചുവർഷത്തെ നീർപക്ഷികണക്കെടുപ്പിന്റെ വിവരങ്ങൾ വിശകലനം ചെയ്യും. പക്ഷിനിരീക്ഷരെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കും.
സി.കെ.ഹാബി,അസി.കൺസർവേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |