കൊച്ചി: എം.ജി, കാലടി സംസ്‌കൃത സർവകലാശാല വി.സിമാരുടെ നിയമനം യു.ജി.സി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചല്ലെന്നതിനാൽ അവരെ തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ക്വോ വാറന്റോ ഹർജികളെത്തി.
എം.ജി വി.സി ഡോ. സാബു തോമസിനെതിരെ തിരുവനന്തപുരം മണ്ണന്തല സ്വദേശിയും യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ട. പ്രൊഫസറുമായ എ.ജി ജോർജും സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണനെതിരെ റിട്ട. പ്രൊഫസർ എറണാകുളം തൃക്കാക്കര സ്വദേശി ഡോ. എൻ. പ്രശാന്തകുമാറുമാണ് ഹർജി നൽകിയത്.
യു.ജി.സി ചട്ടം പാലിക്കാതെ രൂപം നൽകിയ സെലക്‌ഷൻ കമ്മിറ്റിയാണ് പേരു ശുപാർശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സമാന സാഹചര്യമാണ് എം.ജി, കാലടി സർവകലാശാല വി.സിമാരുടെ നിയമനങ്ങളിലുമെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
കാലിക്കറ്റ് സർവകലാശാല വി.സി ഡോ. എം.കെ. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഫറൂഖ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ടി. മുഹമ്മദലി കഴിഞ്ഞ ദിവസം നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |