സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനിതാ സംരംഭങ്ങൾ ആരംഭിച്ചത് തൃശൂരിൽ
തൃശൂർ: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വനിതാ സംരംഭങ്ങൾ ആരംഭിച്ചത് ജില്ലയിൽ. ഇതുവരെ 4280 വനിതാ സംരംഭകർ സംരംഭക ലോകത്തേക്കെത്തി. ഉത്പാദനം, സേവനം, വ്യാപാരം ഉൾപ്പെടെയുള്ള സമസ്ഥ മേഖലകളിലും വനിതകൾ സംരംഭങ്ങൾ ആരംഭിച്ചു.
സംരംഭക വർഷത്തിന്റെ ഭാഗമായി ഇതുവരെ ആരംഭിച്ചത് ആകെ 12,166 സംരംഭങ്ങളാണ്. ഇതിലൂടെ 639 കോടി രൂപയുടെ മൂലധന നിക്ഷേപവും 25619 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. അനുവദിക്കപ്പെട്ട ലക്ഷ്യത്തിന്റെ 87.56 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു. 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിച്ച ലക്ഷത്തിന്റെ 100 ശതമാനവും പൂർത്തിയാക്കി.
ഉത്പാദന സേവന മേഖലകളിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് ജില്ലയിലാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് തൃശൂർ ആണ്.
തൊഴിൽ ലഭിച്ചത് 8726 പേർക്ക്
126.21 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭങ്ങൾ വഴി ജില്ലയിൽ ഉണ്ടായത്. 8276 പേർക്ക് തൊഴിൽ നൽകാനും ഇതുവഴി സാധിച്ചു. ഉത്പാദന മേഖലയിൽ 1397 സംരംഭങ്ങളാണ് സ്ത്രീകൾ തുടങ്ങിയത്. ഇതിലൂടെ 32.17 കോടി രൂപയുടെ നിക്ഷേപവും 2870 പേർക്ക് തൊഴിലും ലഭിച്ചു.
സേവന മേഖലയിൽ തുടങ്ങിയ 1676 യൂണിറ്റുകൾ വഴി 53.89 കോടി രൂപയുടെ നിക്ഷേപവും 3334 പേർക്ക് തൊഴിലും ഉണ്ടായി. വ്യാപാര മേഖലയിൽ 1207 പെൺ സംരംഭങ്ങൾ ആരംഭിച്ചപ്പോൾ 40.15 കോടി രൂപയുടെ നിക്ഷേപവും 2072 തൊഴിൽ അവസരങ്ങളും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |