കൊല്ലം: അഞ്ചാലുംമൂട് ഗവ.എച്ച്.എസ്.എസിലെ കളിസ്ഥലം അദ്ധ്യാപകർ കൈയേറി പാർക്കിംഗ് കേന്ദ്രമാക്കിയെന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പി.ടി.എ പ്രസിഡന്റിന്റെ പരാതി.
അദ്ധ്യാപകരുടെ വാഹനം പാർക്ക് ചെയ്യാൻ സ്‌കൂൾ കോമ്പൗണ്ടിൽ തന്നെ കോർപ്പറേഷൻ സഹായത്തോടെ പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഹയർസെക്കൻഡറി വിഭാഗത്തിലെ കുറച്ച് അദ്ധ്യാപകർ ക്ലാസ് മുറികൾക്ക് മുന്നിലാണ് അവരവരുടെ വാഹനം പാർക്ക് ചെയ്യുന്നതെന്ന് പി.ടി.എ പ്രസിഡന്റ് അനിൽകുമാറിന്റെ പരാതിയിൽ പറയുന്നു.തങ്ങളുടെ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്ന ഭീതിയിൽ വിദ്യാർത്ഥികൾക്ക് ഗ്രൗണ്ടിൽ കളിക്കാൻ അദ്ധ്യാപകർ അനുമതി നൽകാറില്ല.അനധികൃത പാർക്കിംഗിനെതിരെ രക്ഷകർത്താക്കൾ പരാതി നൽകുകയും സ്‌കൂളിനുള്ളിലെ വാഹന പാർക്കിംഗ് പി.ടി.എ തീരുമാനപ്രകാരം കർശനമായി വിലക്കുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കളിസ്ഥലത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകാതിരിക്കാൻ പി.ടി.എ ചങ്ങലകെട്ടി വാഹന ഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ഇന്നലെയും ഒരു വിഭാഗം അദ്ധ്യാപകർ സ്‌കൂളിൽ ക്ലാസ് മുറികൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു.
സ്‌കൂൾ കോമ്പൗണ്ടിലെ കിഴക്കേ അറ്റത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാർത്ഥികളുമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുകൂടി കടന്നു പോകാൻ അനുമതിയുള്ളത്. വിദ്യാർഥികളെ ഇറക്കിയ ശേഷം ഈ വാഹനങ്ങളും പാർക്കിംഗ് ഗ്രൗണ്ടിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.ഹൈസ്‌കൂൾ വിഭാഗം അദ്ധ്യാപകരും ഒരു വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകരും പാർക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലത്താണ് വാഹനങ്ങൾ ഇടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |