SignIn
Kerala Kaumudi Online
Friday, 19 April 2024 2.36 PM IST

പൊലീസിൽ ശുദ്ധികലശം

opinion

രാജ്യത്തെ നമ്പർ വൺ എന്ന പെരുമ കളഞ്ഞുകുളിച്ച്, ക്രിമിനൽ പൊലീസ് എന്ന ചീത്തപ്പേരുണ്ടാക്കാൻ പരിശ്രമിച്ചിരുന്ന സേനയെ ശുദ്ധീകരിക്കുകയാണ് പിണറായി സർക്കാർ. ചില പൊലീസുകാരുടെ ദുഷ്പ്രവൃത്തികൾമൂലം സർക്കാരിന് തലകുനിക്കേണ്ട സ്ഥിതി വരുന്നെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ വിളിച്ചുപറയേണ്ടിവന്ന സ്ഥിതിയുണ്ടായിരുന്നു. കുറ്റവാളികളായ പൊലീസുകാർ രാഷ്ട്രീയസംരക്ഷണത്തിലൂടെ നിയമപാലകരായി തുടരുന്നതാണ് ഈ ദുരവസ്ഥയ്ക്ക് ആക്കം കൂട്ടിയത്. എന്നാൽ രാഷ്ട്രീയ സംരക്ഷണം അവസാനിപ്പിച്ച് പൊലീസിലെ ക്രിമിനലുകൾക്കെതിരേ അതിശക്തമായ നടപടിക്ക് സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പൊലീസുകാർക്ക് നാണക്കേടുണ്ടാക്കി, സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന ഏതാനും ക്രിമിനലുകളെ അമർച്ച ചെയ്യാനാണ് സർക്കാർ തീരുമാനം.

സർക്കാരിനും പൊലീസിനാകെയും തലകുനിക്കേണ്ട സ്ഥിതിയുണ്ടാക്കിയ ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിട്ട് സേനയിൽ ശുദ്ധീകരണത്തിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. 15തവണ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടിക്ക് ശിക്ഷിക്കപ്പെടുകയും മൂന്നുവട്ടം സസ്പെൻഷനിലാവുകയും പീഡനക്കേസിൽ ജയിലിലാവുകയും ആറ് ബലാത്സംഗക്കേസുകളിൽ പ്രതിയാവുകയും ചെയ്ത ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറായിരുന്ന പി.ആർ.സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതാണ് ആദ്യനടപടി. കേരളാപൊലീസിന്റെ ചരിത്രത്തിലാദ്യമായാണ് സ്ഥിരമായി ഗുരുതരകുറ്റം ചെയ്യുന്നവരെ അയോഗ്യരാക്കുകയും പിരിച്ചുവിടുകയും ചെയ്യാനുള്ള സെക്ഷൻ-86പ്രകാരമുള്ള പിരിച്ചുവിടലെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു.

സേനയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി, പൊലീസിലെ 828ക്രിമിനൽ കേസ് പ്രതികളുടെ കണക്കെടുത്ത് അതിൽ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത 59പേരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തെയാളാണ് സുനു. ശേഷിക്കുന്നവരെയും ഉടൻ പിരിച്ചുവിടും. ഒരേ കുറ്റം വീണ്ടും ആവർത്തിക്കുന്നവരെ കോടതി ശിക്ഷിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ജീവപര്യന്തമോ പത്തുവർഷം തടവുശിക്ഷയോ കിട്ടാവുന്ന കുറ്റകൃത്യങ്ങൾ ചെയ്തവരെയാണ് പിരിച്ചുവിടുക. ഇതിനുള്ള നടപടികൾ പൊലീസ് ആസ്ഥാനത്തും ജില്ലകളിലും പുരോഗമിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, ലൈംഗികപീഡനം, കസ്റ്റഡി മരണം, സ്ത്രീധനപീഡനം തുടങ്ങിയ കേസുകളിലെ പ്രതികളെയും ശിക്ഷിക്കപ്പെട്ടവരെയുമാവും പിരിച്ചുവിടുക.

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തവരും പൊലീസിൽ കാക്കിയിട്ട് വിലസുകയാണ്. ഭർത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ക്രമസമാധാനചുമതലയുള്ള സി.ഐയും പോക്സോ കേസിലെ ഇരയെ ഊട്ടിയിൽ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയിൽ ഉപദ്രവിച്ച എ.എസ്.ഐയും അവസാന കണ്ണികൾ മാത്രം. തിരുവനന്തപുരത്ത് ലൈംഗിക അതിക്രമത്തിന് പരാതി നല്‍കാൻ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ വാടകവീട്ടിൽ കടന്നുകയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പീഡനം, വധശ്രമ കേസുകളിലെ പ്രതികളും കുട്ടികളെ ഉപദ്രവിച്ചതിന് പോക്സോ കേസ് നേരിടുന്നവരുമുണ്ട്. മോഷണം മുതൽ വധശ്രമം വരെ കേസുകളിൽ പ്രതികളായവരാണ് 828 പൊലീസുകാർ. ഇക്കൂട്ടത്തിൽ ഗുരുതര കേസിൽ പെട്ടവരെയാണ് പിരിച്ചുവിടുക. വകുപ്പുതലത്തിൽ നടപടിയെടുത്തിട്ടും ഗുരുതര കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരെ ഉടനടി പിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഗാർഹിക പീഡനം, സ്ത്രീധന പീഡനം കേസുകളിൽ നൂറിലേറെപ്പേർ. ദേഹോപദ്രവമേൽപിക്കൽ, കയ്യേറ്റം തുടങ്ങിയ കേസുകൾ 200ലേറെ പേർക്കെതിരേയുണ്ട്. 15പേർക്കെതിരേ വധശ്രമക്കേസ്, 70പേർക്കെതിരേ പീഡനക്കേസ്, ഇരുപതോളം പേർക്കെതിരേ പോക്സോ കേസ്, 60പേർക്കെതിരേ ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, അപമാനിക്കൽ കുറ്റങ്ങൾ പ്രകാരമുള്ള കേസുകളുണ്ട്.

കാക്കിയിട്ട് നിയമം പരിപാലിക്കേണ്ട പെ‍ാലീസ് സേനയിൽ ഇത്രയേറെ ക്രിമിനലുകൾ ഉണ്ടെന്നത് ജനങ്ങളിലുണ്ടാക്കുന്ന ഭീതിയും അരക്ഷിതത്വവും വളരെ വലുതാണ്. സമൂഹത്തിന്റെ ആശങ്കയകറ്റാൻ, പെ‍ാലീസിലെ ക്രിമിനലുകളുടെയെല്ലാം കാക്കിയൂരിക്കാനാണ് സർക്കാരിന്റെ ധീരമായ തീരുമാനം. ക്രിമിനൽ കേസുകളിൽ പ്രതികളായ എല്ലാ പൊലീസുകാരുടെയും കേസ് വിവരങ്ങൾ അവലോകനം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ക്രിമിനലുകളുടെ വിവരങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി നേരിട്ട് മൂന്ന് അവലോകനയോഗങ്ങൾ വിളിച്ചുകഴിഞ്ഞു. പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായി ഉണ്ടാവരുതെന്നും തെ​റ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി കർശന നിലപാടെടുത്തു. തുടർന്ന് ക്രിമിനൽ ലിസ്റ്റിലുള്ള പൊലീസുകാരുടെ കേസുകളുടെയും വകുപ്പുതലത്തിലടക്കം നേരിട്ട നടപടികളുടെയും വിവരങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ ഉടനടി പൊലീസ് ആസ്ഥാനത്തേക്ക് കൈമാറാനും പരിശോധിച്ച് ഡി.ജി.പിയുടെ ശുപാർശയോടെ ആഭ്യന്തരസെക്രട്ടറിക്ക് കൈമാറാനും ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചിരിക്കുകയാണ്. റിമാൻഡിലാവുകയോ തടവുശിക്ഷ അനുഭവിക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരുടെ വിവരങ്ങൾ പ്രത്യേകമായി നൽകണം. അടിപിടിക്കേസ് തുടങ്ങിയ നിസാര കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ പിരിച്ചുവിടില്ല. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളെയാവും പിരിച്ചുവിടുക.

വകുപ്പുതല അന്വേഷണം വൈകിപ്പിച്ച് ഒടുവിൽ തെളിവില്ലെന്ന് എഴുതിത്തള്ളിയാണ് പൊലീസിലെ ക്രിമിനലുകളെ രക്ഷിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തുന്നത് പൊലീസുകാരായതിനാൽ ചുരുക്കം കേസുകളിലേ സത്യസന്ധമായ അന്വേഷണം നടക്കാറുള്ളൂ. ക്രിമിനൽ പൊലീസുകാർക്കെതിരായ നടപടി സസ്പെൻഷൻ, നല്ലനടപ്പ്, സ്ഥലംമാറ്റം എന്നിങ്ങനെ നിസാര ശിക്ഷകളിൽ ഒതുങ്ങാറാണ് പതിവ്. ഗുരുതരക്കേസിൽപെട്ടാലും ആറുമാസത്തെ സസ്പെൻഷനുശേഷം കാക്കിയിട്ട് വിലസാം. മുൻപ് ക്രമസമാധാനചുമതല നൽകില്ലായിരുന്നു. ഇപ്പോൾ അങ്ങനെയുമില്ല. എസ്.ഐക്കെതിരായ വകുപ്പുതലഅന്വേഷണം തീരാൻ 15വർഷം കഴിയും. അപ്പോഴേക്കും മൂത്തുമൂത്ത് ഡിവൈ.എസ്.പിയാവും. വകുപ്പുതല അന്വേഷണവും നടപടിയുമെല്ലാം വഴിപാടാണ്. വിരമിക്കാറാവുമ്പോഴേക്കും ക്ലീൻറിപ്പോർട്ട് റെഡിയായിരിക്കും. വിരമിച്ചാലും തീരാത്ത അന്വേഷണങ്ങളുമുണ്ട്. പെൻഷനിൽ 250രൂപ കുറവുചെയ്യുന്നതാവും 'കടുത്തശിക്ഷ'. ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥർ അവിശുദ്ധബന്ധം പുലർത്തുന്നതായി ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്‌കുമാർ തുറന്നടിച്ചിരുന്നു.

പൊലീസിന് പറ്റാത്തവർ

പിരിച്ചുവിട്ട ഇൻസ്പെക്ടർ സുനു ഔദ്യോഗിക പദവി ദുരുപയോഗം, അന്വേഷണത്തിലെ വീഴ്ച, തെളിവുകൾ കെട്ടിച്ചമയ്ക്കൽ, അച്ചടക്കലംഘനം, സദാചാര അധഃപതനം എന്നിവയ്ക്ക് നിരവധി തവണ ശിക്ഷിക്കപ്പെട്ടു. മൂന്നുവട്ടം സസ്പെൻഷനിലായി. 15തവണ പെരുമാറ്റദൂഷ്യത്തിന് വകുപ്പുതല നടപടിക്ക് ശിക്ഷിക്കപ്പെട്ടു. കൊച്ചിയിലെ സാമൂഹ്യവിരുദ്ധരുമായി ചങ്ങാത്തമുണ്ടാക്കിയതിന് കഴിഞ്ഞ നവംബർ 20മുതൽ സസ്പെൻഷനിലായിരുന്നു. തൊഴിൽതട്ടിപ്പിന് ഭർത്താവ് ജയിലിലായ തക്കംനോക്കി, വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അന്വേഷണം നേരിടുകയാണ്.

സുനുവിനെതിരായ മൂന്നു ക്രിമിനൽ കേസുകൾ ചില്ലറക്കേസുകളല്ല. പരാതിയുമായി സ്റ്റേഷനിലെത്തിയ എൻജിനിയറിംഗ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റി പീഡനത്തിന് ശ്രമിച്ചെന്നതാണ് ഒന്ന്. ഔദ്യോഗിക വാഹനത്തിൽ യൂണിഫോമുമിട്ട് യുവതിയുമായി കറങ്ങുകയും ഒരു മലയുടെ മുകളിലെ 'പരാക്രമങ്ങൾ' ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘർഷമുണ്ടാക്കുകയും ചെയ്തതിനാണ് രണ്ടാംകേസ്. എസ്.ഐമാരെയും പൊലീസുകാരെയും പരിശീലിപ്പിക്കേണ്ട പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ, തൃശൂരിലെ ഹോട്ടലിൽ നിന്ന് സ്ത്രീയുമായി പിടിയിലായതും കേസായി. ഒരു കേസിൽ കുറച്ചുകാലം റിമാൻഡിലുമായിരുന്നു.

രക്ഷിക്കേണ്ടവർ തന്നെ പീഡകരായി മാറുന്ന നൊമ്പരപ്പെടുത്തുന്ന അനുഭവമായിരുന്നു വയനാട്ടിലെ പതിനേഴുകാരിയുടേത്. പീഡനക്കേസിലെ അതിജീവിതയാണവൾ. കേസിലെ തെളിവെടുപ്പിനായി വനിതാ പൊലീസ് അടങ്ങിയ സംഘം ഊട്ടിയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പിനിടെ അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജെ. ബാബു കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ചെന്നും തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ സംഘത്തിലെ എസ്.ഐയും വനിതാ പൊലീസുകാരും പുസ്തകം വാങ്ങാൻ പോയ തക്കത്തിന് ഉപദ്രവിച്ചെന്നുമാണ് പരാതി. വനിതാ പൊലീസിനോട് കുട്ടി അപ്പോൾതന്നെ വിവരം പറഞ്ഞെങ്കിലും പുറത്തു പറയരുതെന്നായിരുന്നു വിരട്ടൽ. പിന്നീട് കുട്ടിയുടെ വീട്ടുകാർ വിവരം പുറത്തുപറഞ്ഞു. ഗത്യന്തരമില്ലാതായപ്പോൾ എ.എസ്.ഐയ്ക്കെതിരേ പോക്സോ കേസെടുത്ത് സസ്പെൻഡ് ചെയ്തു.

പന്ത്രണ്ടും പതിമ്മൂന്നും വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട്ട് കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരേ പോക്സോ കേസെടുത്തു. രണ്ടുവർഷത്തിനിടെ നിരവധി തവണ കുട്ടികളെ പീഡിപ്പിച്ചെന്ന് കുട്ടികളുടെ അമ്മയാണ് പരാതിപ്പെട്ടത്. കുട്ടികളുടെ അമ്മയ്ക്കെതിരേ ലൈംഗിക അതിക്രമം നടത്തിയതിനും ഇയാൾക്കെതിരേ കേസുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതിയെ ഏഴു വർഷത്തോളം പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങൾ പകർത്തിയ വിജിലൻസ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കർ ജയിലിലാണ്. വിവാഹ വാഗ്ദാനം നൽകി അടുത്തുകൂടി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നാണ് നാൽപ്പതുകാരിയുടെ പരാതി.

''ക്രിമിനലുകളെ നേരിടാനാണ് പൊലീസ്.ആ പൊലീസിൽ ക്രിമിനലുകൾ വേണ്ട. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാവും. പിരിച്ചുവിടൽ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും. പൊലീസിലെ ക്രിമിനലുകളോട് ദയയും ദാക്ഷിണ്യവും ഉണ്ടാവില്ല.''

-പിണറായി വിജയൻ

മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.