തൃക്കാക്കര: ജുവലറിയിൽനിന്ന് ഒന്നരപ്പവന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് നാടോടിസ്ത്രീകളെ പിടികൂടി. ഗുജറാത്ത് സ്വദേശിനികളായ നന്ദിനി (20),സുമൻ (20), ഗായത്രി (18) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ അയറിൻ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഈസമയത്ത് ജുവലറിയിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.
നാടോടികളായ എട്ട് സ്ത്രീകൾ കടയ്ക്കുമുന്നിൽ എത്തിയശേഷം രണ്ടുപേർ ഉള്ളിൽക്കയറി മൂക്കുത്തി ആവശ്യപ്പെട്ടു. മൂക്കുത്തി കാണിച്ച ജീവനക്കാരനോട് തുടർന്ന് സ്വർണമാല വേണമെന്ന് പറഞ്ഞു. പുറത്തുനിന്ന മറ്റൊരു നാടോടിസ്ത്രീകൂടി ഈസമയം കടക്കുള്ളിലേക്ക് കയറി. വലിയ മൂക്കുത്തിയും കമ്മലും കാണിക്കാൻ മറ്റൊരു സ്ത്രീ ആവശ്യപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാരൻ മുന്നിൽവച്ച ബോക്സിലെ മാല എണ്ണി നോക്കിയപ്പോൾ ഒരെണ്ണം കുറവാണെന്ന് കണ്ടെത്തി. തൊട്ടടുത്തുള്ള കടക്കാരനെ സഹായത്തിന് വിളിച്ചതോടെ നാടോടി സ്ത്രീകൾ മോഷ്ടിച്ച സ്വർണമാല താഴേയിട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ കച്ചവടക്കാരന്റെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |