SignIn
Kerala Kaumudi Online
Thursday, 28 March 2024 7.45 PM IST

വിഴിഞ്ഞം തീരശോഷണം; വിദഗ്ദ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ തീരുമാനം  എതിർപ്പുമായി സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞത്ത്‌ തീരശോഷണം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിക്കുളള പരിഗണനാവിഷയങ്ങൾ സർക്കാർ നിശ്ചയിച്ചു. സമരം തീർന്ന് ഒരു മാസം പിന്നിടുമ്പോഴാണ് വിദഗ്ദ്ധ സമിതിയുടെ പരിഗണനാവിഷയങ്ങളിൽ തീരുമാനമായത്.വിഴിഞ്ഞം തുറമുഖ നിർമ്മാണ കാലയളവിൽ പദ്ധതി ബാധിത പ്രദേശത്ത്‌ തീരശോഷണം ഉണ്ടായിട്ടുണ്ടോ, എങ്കിൽ ഏത് അറ്റം വരെ, പരിഹാര മാർഗങ്ങൾ,വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം മത്സ്യബന്ധനമേഖലയിലും സമുദ്ര ആവാസവ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങൾ എന്നിവയാണ് വിദഗ്ദ്ധ സമിതി പഠിക്കുക. മത്സ്യത്തൊഴിലാളി സംഘടനകളുമായും ലത്തീൻ അതിരൂപതയുമായും വിദഗ്ദ്ധ സമിതി ചർച്ച നടത്തണം.നാല് മാസത്തിനുള‌ളിൽ ഇടക്കാല റിപ്പോർട്ടും ആറ് മാസത്തിനുളളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം.

അതേസമയം,പദ്ധതി ബാധിത പ്രദേശം എന്നല്ലാതെ തീരശോഷണം പഠിക്കേണ്ട ദൂരം ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ല എന്നത് സമരസമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്. പഠിക്കേണ്ട ദൂരം വിദഗ്ദ്ധ സമിതിക്ക് നിശ്ചയിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കൃത്യമായി ദൂരം രേഖപ്പെടുത്താത്തത് തീരശോഷണം രൂക്ഷമായ മേഖലകളെ പഠനത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയെന്ന ആശങ്കയാണ് സമരസമിതി ഉന്നയിക്കുന്നത്. ഒക്ടോബർ ആദ്യമാണ് തീരശോഷണം പഠിക്കാനുള്ള വിദഗ്ദ്ധ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ മുൻ അഡീഷണൽ ഡയറക്‌ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ അദ്ധ്യക്ഷൻ.സർക്കാർ നിശ്ചയിച്ച സമിതിക്ക് ബദലായി ലത്തീൻ അതിരൂപത നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠനം പുരോഗമിക്കുകയാണ്.

തുടർനടപടികളിൽ സംതൃപ‌്‌തി

കേസുകളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും സമരം അവസാനിപ്പിക്കുന്നതിന് നൽകിയ വാഗ്ദാനങ്ങളിൽ തുടർ നടപടി ഉണ്ടാകുന്നതിൽ സഭയ്‌ക്ക് സംതൃപ്‌തിയുണ്ട്. ഫ്ലാറ്റ് നിർമ്മാണത്തിന് 81 കോടി രൂപ അനുവദിച്ചത്, മുതലപ്പൊഴി ഹാർബറിലെ പ്രശ്‌നങ്ങൾ പഠിക്കുന്ന സമിതി സ്ഥലം സന്ദർശിച്ചത്,തീരശോഷണപഠനം എന്നീ കാര്യങ്ങളിൽ ലത്തീൻ സഭ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആർച്ച് ബിഷപ്പിനെതിരെ അടക്കം രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാത്തതിൽ നീരസമുണ്ട്.

പ്രതിമാസ സഹായം നൽകും

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തിൽ പ്രതിമാസ സഹായം നൽകാൻ ലത്തീൻ സഭ തീരുമാനിച്ചു. സർക്കാർ നൽകുന്ന 5500 രൂപയ്‌ക്ക് പുറമെയാണിത്.ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടക വീട്ടിലേക്ക് മാറാൻ മാന്യമായ വാടക തുക വേണമെന്നായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 8000 രൂപ നൽകണമെന്ന് സമരസമിതി ബലംപിടിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. 5500 രൂപ നൽകാമെന്നും അദാനി ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ബാക്കി തുക ലഭ്യമാക്കാമെന്നുമായിരുന്നു വാഗ്‌ദാനം.അദാനിയുടെ പണം വേണ്ടെന്നായിരുന്നു സഭയുടെ നിലപാട്.പുതിയ വീടുകളിലേക്ക് മാറുന്നതുവരെ നൽകുന്ന തുക 120 കുടുംബങ്ങൾക്ക് ഉപകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.