നാസ: സൗരയൂഥത്തിനു പുറത്ത് ഭൂമിയുടെ വലിപ്പമുള്ളൊരു ഗ്രഹം. സൂര്യനു ചുറ്റിലും ഭൂമി ഭ്രമണം ചെയ്യുന്നതു പോലെ മറ്റൊരു നക്ഷത്രത്തിന് ചുറ്റിലും കറങ്ങും. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തുന്ന ആദ്യ ഗ്രഹമാണിത്
എൽ. എച്ച്. എസ് 475 ബി എന്ന് നാസ പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയുടെ വ്യാസത്തിന്റെ 99 ശതമാനം വലിപ്പം ഉണ്ടെന്നാണ് ശാസ്‌ത്രജ്ഞർ കണക്കാക്കുന്നത്. അമേരിക്കയിലെ മെരിലൻഡിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞരായ കെവിൻ സ്റ്റീവൻസൺ, ജേക്കബ് ലുസ്‌റ്റിംഗ് യീഗർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വർഷം ആഗസ്റ്റ് 31നാണ് പുതിയ ഗ്രഹത്തെ വിശദമായി നിരീക്ഷിച്ചത്. നിയർ ഇൻഫ്രാ റെഡ് സ്‌പെക്ട്രോഗ്രാഫ് എന്ന ഉപകരണം പാറക്കെട്ടുകൾ നിറഞ്ഞ പുതിയ ഗ്രഹത്തിന്റെ വ്യക്തമായ ചിത്രങ്ങൾ പകർത്തി.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്സോപ്ലാനെറ്റ് ) കണ്ടെത്താനുള്ള നാസയുടെ ട്രാൻസിറ്റിംഗ് എക്സോപ്ലാനെറ്റ് സർവേ ഉപഗ്രഹം നേരത്തേ തന്നെ ഈ ഗ്രഹത്തെ പറ്റി സൂചനകൾ തന്നിരുന്നു. ജെയിംസ് വെബ് ടെലസ്കോപ്പാണ് ഇത് സ്ഥിരീകരിച്ചത്.
പുതിയ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ അന്തരീക്ഷമുണ്ടോ എന്ന് അറിയില്ല. എന്നാൽ ഗ്രഹത്തിന് ഭൂമിയേക്കാൾ നൂറുകണക്കിന് ഡിഗ്രി ചൂടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കട്ടിയുള്ള മേഘപടലമുള്ള ശുക്ര ഗ്രഹത്തിന്റെ അന്തരീക്ഷമാവാം പുതിയ ഗ്രഹത്തിനെന്നാണ് ശാസ്‌ത്രജ്ഞരുടെ നിഗമനം. ശനിയുടെ ഉപഗ്രഹമായ ടൈറ്റാനെ പോലെ മീഥൈൻ കൂടുതലുള്ള അന്തരീക്ഷമല്ലെന്നും കരുതുന്നു.
ജെയിംസ് വെബ് ടെലസ്കോപ്പിന് മാത്രമാണ് ഇത്തരം വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷ തന്മാത്രകൾ കണ്ടെത്താൻ ശേഷിയുള്ളത്. വൈകാതെ അതിന്റെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ഭ്രമണം രണ്ട്
ദിവസത്തിലൊരിക്കൽ
ദക്ഷിണ ആകാശത്തിലെ ഒക്‌ടാൻസ് എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തിൽ നിന്ന് 41 പ്രകാശവർഷം അകലെയാണ് പുതിയ ഗ്രഹം
രണ്ട് ദിവസത്തിലൊരിക്കൽ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നു. നക്ഷത്രത്തിന് സൂര്യതാപത്തിന്റെ പകുതിയോളം ചൂട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |