കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ ഈ വർഷത്തേക്ക് കൂടി പ്രൈവറ്റ് രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതുപ്രകാരം 2022- 23 അദ്ധ്യയന വർഷം വിജ്ഞാപനം ചെയ്ത പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.കോം, ബി.ബി.എ, ബിഎ ഹിസ്റ്ററി/ ഇക്കണോമിക്‌സ്/ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അഫ്‌സൽ ഉൽ ഉലമ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എ ഇക്കണോമിക്‌സ്/ ഹിസ്റ്ററി/ അറബിക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി, ബികോം അഡീഷണൽ ഓപ്ഷണൽ കോഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 13 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർവകലാശാല അറിയിച്ചു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ പുനസ്ഥാപിച്ചതിനാൽ പാരലൽ കോളേജുകളിൽ ഇന്ന് വിജയദിനമായി ആചരിക്കുമെന്ന് പാരലൽ കോളേജ് അസോസിയേഷൻ അറിയിച്ചു. രജിസ്ട്രേഷൻ പുനസ്ഥാപിച്ച സർവകലാശാല സിൻഡിക്കേറ്റിനെ ഭാരവാഹികൾ സ്വാഗതം ചെയ്തു.
ഈ വിഷയം ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി അസോസിയേഷൻ ഭാരവാഹികൾൾക്കും അദ്ധ്യാപകർക്കുമെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും എത്രയും വേഗം പ്രവേശന നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ഭാരവാഹികളായ കെ.എൻ രാധാകൃഷ്ണൻ ,ടി.കെ.രാജീവൻ, സി. അനിൽ കുമാർ, കെ.പി. ജയബാലൻ, യു.നാരായണൻ ,രാജേഷ് പാലങ്ങാട്ട്, കെ.പ്രകാശൻ , പി. ലക്ഷ്മണൻ ,കെ. പ്രസാദ് ,കെ. പ്രദീപ്, വി.കെ.മുഹമ്മദ് ഫൈസൽ എന്നിവർ ആവശ്യപ്പെട്ടു.പ്രൈവറ്റ് രജിസ്ട്രേഷൻ പുനസ്ഥാപിച്ച സാഹചര്യത്തിൽ 17 നു നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |