കൊച്ചി: അർദ്ധരാത്രി മുതൽ പുലർച്ചെവരെ സ്കൂട്ടറിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന 21കാരി അറസ്റ്റിലായതിന് പിന്നാലെ, ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്ന കോഴിക്കോട്ടുകാരനും പെൺകുട്ടിക്കൊപ്പം താമസിച്ചിരുന്ന യുവതികളും മുങ്ങി. ഇവരുടെ പേര് വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാരൻ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ഇൻസ്റ്റഗ്രാം വഴിയുള്ള ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമായ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. അറസ്റ്റിലായ തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി ബ്ളെയ്സിയുടെ മൊഴിയിൽ അഞ്ചുപേരെ എടുത്തു പറയുന്നുണ്ട്. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി കൊച്ചിയിൽ ഡാൻസാഫിന്റെ പിടിയിലായ മൂന്ന് യുവാക്കളിൽ ഒരാൾക്ക് ഈ കേസുമായി ബന്ധമുണ്ടെന്നാണ് എക്സൈസിന് ലഭിച്ചിട്ടുള്ള വിവരം. ഇക്കാര്യം പ്രത്യേകം പരിശോധിച്ച് വരികയാണ്.
പെൺകുട്ടി താമസിച്ചിരുന്ന എറണാകുളം നോർത്തിലെ ഫ്ലാറ്റും അന്വേഷണ പരിധിയിലുണ്ട്. കോഴിക്കോട് സ്വദേശിയുടെ പേരിലെ ഫ്ലാറ്റിലാണ് പെൺകുട്ടിയും മൂന്ന് സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഇവിടെ രണ്ട് ഫ്ലാറ്റുകൾകൂടി കോഴിക്കോട്ടുകാരനുണ്ട്. മയക്കുമരുന്ന് പാക്കിംഗും മറ്റും ഫ്ലാറ്റുകളിൽ വച്ചായിരുന്നെന്നാണ് കരുതുന്നത്. നിരവധിപ്പേർ വന്നുപോകാറുണ്ടെന്നാണ് ഫ്ലാറ്റ് അധികൃതരുടെ മൊഴി.
ചൊവ്വാഴ്ചയാണ് പെൺകുട്ടി എക്സൈസ് പിടിയിലായത്. ഏവിയേഷൻ കോഴ്സ് പഠിക്കാൻ കൊച്ചിയിലെത്തിയ ബ്ലെയ്സി, ക്ലാസിൽ പോകാതെ സ്പായിൽ ജോലി നോക്കിവരികയായിരുന്നു. ജോലി നഷ്ടമായപ്പോഴാണ് ലഹരി ഇടപാടിലേക്ക് തിരിഞ്ഞത്. കലൂരിൽ എം.ഡി.എം.എയുമായി പിടിയിലായ യുവാവിൽ നിന്നാണ് 21കാരിയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. ഇടപാടെല്ലാം ഇൻസ്റ്റഗ്രാം വഴിയാണെന്നും നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും അന്വേഷണത്തിൽ തിരിച്ചറിഞ്ഞതോടെ തന്ത്രപരമായി പെൺകുട്ടിയെ പൂട്ടുകയായിരുന്നു.
ഡാൻസാഫ് അന്വേഷണം തുടങ്ങി
പന്ത്രണ്ട് ഗ്രാം എം.ഡി.എം.എയുമായി ഓയോ ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റിലായ യുവാക്കളിൽ ഒരാൾക്ക് 21കാരിയുൾപ്പെട്ട ലഹരിസംഘവുമായി ബന്ധമുണ്ടെന്ന് വിവരത്തെ തുടർന്ന് ഡാൻസാഫ് പ്രാഥമികാന്വേഷണം തുടങ്ങി. ഇന്നലെ എക്സൈസ് ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു. കാക്കനാട് സ്വദേശി സുനീർ (33) പത്തനംതിട്ട വടശേരിക്കര കക്കുഴിയത്ത് വീട്ടിൽ നിരഞ്‌ജൻ (20) മലപ്പുറം വാഴേങ്കട കൂട്ടുപുലയ്‌ക്കൽ വീട്ടിൽ അജ്‌മൽ റാഷിദ് (24) എന്നിവരാണ് പിടിയിലായത്. സുനീറിനെയാണ് എക്സൈസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |