ആലപ്പുഴ: റെയിൽവെ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാർക്കുള്ള സേവനങ്ങളും മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'അമൃത് ഭാരത് സ്റ്റേഷൻ' പദ്ധതിയിൽ ആലപ്പുഴ, കായംകുളം റെയിൽവേ സ്റ്റേഷനുകളും ഇടം പിടിച്ചത് പ്രതീക്ഷ പകരുന്നു. രണ്ട് സ്റ്റേഷനുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ റെയിൽവെ ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് എ.എം.ആരിഫ് എം.പി അറിയിച്ചു.
യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ സ്റ്റേഷനുകളുടെ പ്രവേശന കവാടം സൗന്ദര്യവത്കരിക്കുന്നതിൽ തുടങ്ങും 'അമൃത് ഭാരത് സ്റ്റേഷനു'കളുടെ മോടികൂട്ടൽ. യാത്രക്കാർക്കുള്ള വിശ്രമ ഹാൾ, എക്സിക്യുട്ടിവ് ലോഞ്ച് എന്നിവ ഗ്രേഡ് അനുസരിച്ച് സജ്ജമാക്കും. കഫറ്റീരിയ സൗകര്യങ്ങളുമുണ്ടാവും. ഇവയ്ക്ക് സമീപം ചെറിയ ബിസിനസ് മീറ്റിംഗുകൾ നടത്താനുള്ള സൗകര്യമൊരുക്കും. ബോർഡുകൾ, നടപ്പാത, പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട ലൈറ്റിംഗ്, മനോഹരമായ ലാൻഡ് സ്കേപ്പിംഗ്, പുൽത്തകിടി എന്നിവ അതത് സ്ഥലത്തെ കല - സംസ്കാരം എന്നിവ കൂടി പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിർമ്മിക്കും. യാത്രക്കാർ പെട്ടെന്ന് ശ്രദ്ധിക്കും വിധം സിഗ്നൽ സംവിധാനവും മെച്ചപ്പെടുത്തും.
സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്നതിനൊപ്പം ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിനും പ്രാമുഖ്യം നൽകണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഒരേ റൂട്ടിലേക്ക് മണിക്കൂറുകളുടെ വ്യാത്യാസത്തിലാണ് നിലവിൽ സർവീസുള്ളത്. ആലപ്പുഴ റൂട്ടിൽ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. പഴയ സിംഗിൽ ലൈനിലെ വേഗമാണ് ഇപ്പോഴും. സ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം കൊവിഡിന് ശേഷം അപ്രത്യക്ഷമായി. തിരുവനന്തപുരം ഡിവിഷനു കീഴിൽ 15 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുള്ളത്.
# തിളങ്ങും അമൃത് സ്റ്റേഷനുകൾ
പ്രമുഖ സ്റ്റേഷനുകളിലേതു പോലെ റൂഫ് പ്ലാസ
എക്‌സിക്യുട്ടീവ് ലോഞ്ച്
അത്യാധുനിക സൗകര്യങ്ങളുള്ള വിശ്രമ മുറികൾ
സൗജന്യ വൈഫൈ
ഉയരവും നീളവും കൂടിയ പ്ലാറ്റ്‌ഫോമുകൾ
എല്ലാ പ്ലാറ്റ്‌ഫോമുകളിലും എസ്‌കലേറ്റർ, ലിഫ്റ്റ്
അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ ആലപ്പുഴ, കായംകുളം സ്റ്റേഷനുകളെ ഉൾപ്പെടുത്തിയത് സ്വാഗതം ചെയ്യുന്നു. എന്നാൽ വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തണമെന്ന് ദക്ഷിണ റെയിൽവെ ജനറൽ മാനേജരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരമായി ചേർത്തല, കരുനാഗപ്പള്ളി സ്റ്റേഷനുകളെ അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തണം
എ.എം.ആരിഫ് എം.പി
സ്റ്റേഷനുകൾ ആധുനികവത്കരിക്കുന്നതിൽ സന്തോഷമുണ്ട്. നിലവിൽ സൗകര്യങ്ങളുടെ അപര്യാപ്തതയെക്കാളുപരി വലിയ പ്രശ്നം സൃഷ്ടിക്കുന്നത് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നായ്ക്കൾ തമ്പടിക്കുന്നതാണ്. ആലപ്പുഴ റൂട്ട് വഴി കൂടുതൽ ട്രെയിനുകൾ വന്നാലേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കൊണ്ട് പ്രയോജനമുള്ളു
തോമസ് അറയ്ക്കൽ, കോസ്റ്റൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |