ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ അനധികൃതമായി പണം ചെലവഴിക്കുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ പണമൊഴുക്കുന്ന സാഹചര്യത്തിൽ 2010 ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിച്ചതായും കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ നിയന്ത്രണം ഇനിയും തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ വിഭാഗം ഡയറക്ടർ വിജയ് കുമാർ പാണ്ഡെ നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പുകളിൽ ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് 1961 മുതൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിലുണ്ട്. ഇതിന് പുറമെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തിരഞ്ഞെടുപ്പുകളിൽ പണം ചെലവഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകളിൽ പണത്തിന് അമിത പ്രാധാന്യമുണ്ടാകുന്നതിൽ കമ്മീഷന് കടുത്ത ആശങ്കയുണ്ട്. ചട്ടപ്രകാരം ചെലവഴിക്കാനുള്ളതിൽ കൂടുതൽ പണമൊഴുകുന്നത് തടയാൻ സമയോചിതമായ നടപടികൾ തുടർച്ചയായി സ്വീകരിക്കുകയാണ്.
ഇതിനായി എക്സ്പെൻഡിച്ചർ ഒബ്സർവർ, അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ, മീഡിയ സർവൈലൻസ് ടീം, അക്കൗണ്ടിംഗ് ടീം, കംപ്ലെയ്ന്റ് മോണിട്ടറിംഗ്, കാൾ സെന്റർ, മീഡിയ സർട്ടിഫിക്കേഷൻ, മോണിട്ടറിംഗ് കമ്മിറ്റി, ഫ്ലയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം തുടങ്ങിയ സംവിധാനങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് ടീം രഹസ്യമായി സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിച്ച് തെളിവുകൾ ശേഖരിക്കുന്നു.
പണം ഒഴുകുന്ന മണ്ഡലങ്ങളിൽ പ്രത്യേകമായി കർശന നിരീക്ഷണം നടത്തുന്നു. തിരഞ്ഞെടുപ്പ് ചെലവാനായി ഓരോ സ്ഥാനാർത്ഥിയും പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാൻ നിർദേശമുണ്ട്. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്ക് കമ്മീഷന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. കമ്മീഷൻ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |