കൊളംബോ : 2019 ഈസ്റ്റർ ഭീകരാക്രമണ കേസിൽ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, മുൻ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോ എന്നിവരുൾപ്പെടെ അഞ്ച് പേർ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ശ്രീലങ്കൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്റലിജൻസ് വിവരം ലഭിച്ചിട്ടും ഭരണകൂടം 270 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയാൻ പരാജയപ്പെട്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഏഴംഗ ബെഞ്ച് ശിക്ഷ വിധിച്ചത്.
മുൻ ഐ.ജി പൂജിത് ജയസുന്ദര, നാഷണൽ ഇന്റലിജൻസ് മുൻ തലവൻ ശിശിര മെൻഡിസ്, സ്റ്റേറ്റ് ഇന്റലിജൻസ് മുൻ തലവൻ നിലാന്ത ജയവർദ്ധന എന്നിവരും നഷ്ടപരിഹാരം നല്കണം.സിരിസേന 10 കോടി ശ്രീലങ്കൻ രൂപയും ഹെമസിരി ഫെർണാണ്ടോ അഞ്ച് കോടി ശ്രീലങ്കൻ രൂപയും ഇരകൾക്ക് വേണ്ടി രൂപീകരിച്ച ഫണ്ടിലേക്ക് നൽകണം. നിലാന്ത ജയവർദ്ധന, പൂജിത് ജയസുന്ദര എന്നിവർ 7.5 കോടിയും ശിശിര മെൻഡിസ് ഒരു കോടിയുമാണ് നല്കേണ്ടത്. തുകയുടെ കൈമാറ്റം സംബന്ധിച്ച് ആറ് മാസത്തിനുള്ളിൽ കോടതിയെ വിവരം അറിയിക്കാനും നിർദ്ദേശമുണ്ട്.
ഭീകരാക്രമണ മുന്നറിയിപ്പ് അവഗണിച്ചത് തങ്ങളുടെ മൗലികാവകാശത്തെ ലംഘിച്ചതാണെന്ന് കാട്ടി സിരിസേനയ്ക്കും മറ്റുള്ളവർക്കുമെതിരെ പുരോഹിതർ ഉൾപ്പെടെ 12 പേരാണ് ഹർജി സമർപ്പിച്ചത്. ഭീകരാക്രമണത്തിൽ പരിക്കേറ്റവരും ബന്ധുക്കളെ നഷ്ടമായവരും ഇവരിൽ ഉൾപ്പെടുന്നു.
ചാവേർ സ്ഫോടനങ്ങൾ ഒഴിവാക്കാനായി സംഭവത്തിന് ആഴ്ചകൾക്ക് മുന്നേ ഇന്ത്യ പങ്കുവച്ച വിശദമായ ഇന്റലിജൻസ് വിവരങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ഐസിസുമായി ബന്ധമുള്ള ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമാഅത്ത് ഗ്രൂപ്പിൽപ്പെട്ട ഒമ്പത് ചാവേറുകൾ കൊളംബോയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ സ്ഫോടന പരമ്പരകളിൽ 270 പേർ മരിക്കുകയും 500 ലേറെ പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതിൽ 11 പേർ ഇന്ത്യക്കാരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |