ലോസ്ആഞ്ചലസ്: 80കളിലും 90കളിലും ഫാഷൻ ലോകത്ത് തരംഗമായിരുന്ന പ്രശസ്ത സൂപ്പർ മോഡൽ റ്റാറ്റ്യാന പാറ്റിറ്റ്സ്(56) അന്തരിച്ചു. ബുധനാഴ്ച കാലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. സ്തനാർബുദ ബാധിതയായിരുന്നു. ജർമ്മനിയിൽ ജനിച്ച് സ്വീഡനിൽ വളർന്ന റ്റാറ്റ്യാന ഫാഷൻ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൂപ്പർ മോഡലുകളിൽ ഒരാളായിരുന്നു. ലോക പ്രശസ്ത ഫാഷൻ ഡിസൈനർമാരുമായി ചേർന്ന് പ്രവർത്തിച്ച റ്റാറ്റ്യാന എൽ, ഹാർപേഴ്സ് ബസാർ, വോഗ് തുടങ്ങിയ ഫാഷൻ മാഗസിനുകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. 17ാം വയസിലാണ് മോഡലിംഗിലെത്തുന്നത്. തുടർന്ന് പാരീസിലെത്തി.
കാർട്ടിയെ, ലീവൈ, ഷനെൽ, റാൾഫ് ലോറൻ തുടങ്ങി നിരവധി ലക്ഷ്വറി ബ്രാൻഡുകളുടെ മോഡലായി. ഏതാനും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചു. ഇതിനിടെ 1993ൽ റൈസിംഗ് സൺ എന്ന അമേരിക്കൻ ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.
1990ൽ പുറത്തിറങ്ങിയ ഗായകൻ ജോർജ് മൈക്കലിന്റെ ' ഫ്രീഡം! " എന്ന ഹിറ്റ് മ്യൂസിക് വീഡിയോയിൽ നവോമി കാംബെൽ, സിൻഡി ക്രോഫോർഡ്, ലിൻഡ ഇവാഞ്ചലിസ്റ്റ, ക്രിസ്റ്റി ടർലിംഗ്ടൺ എന്നീ സൂപ്പർ മോഡലുകൾക്കൊപ്പം റ്റാറ്റ്യാനയും പ്രത്യക്ഷപ്പെട്ടിരുന്നു.
2019 ഫെബ്രുവരിയിൽ മിലാൻ ഫാഷൻ വീക്കിന്റെ ഭാഗമായി നടന്ന ഷോയിലായിരുന്നു റ്റാറ്റ്യാനുടെ അവസാന ക്യാറ്റ് വാക്ക്. 19 വയസുള്ള ജോനാ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |