പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ വീണ്ടും പി ടി സെവന്റെ സാന്നിദ്ധ്യം. ധോണിയിലെ ലീഡ് കോളേജിന് സമീപമാണ് ഇത്തവണ കാട്ടാന എത്തിയത്. രണ്ട് കുട്ടിയാനകളടക്കം അഞ്ച് ആനകളാണ് ഇന്ന് പ്രദേശത്ത് ഇറങ്ങിയത്. ആനയെ തിങ്കളാഴ്ച മയക്കുവെടി വെച്ച് പിടികൂടാനിരിക്കെയാണ് ഇന്ന് രാവിലെ അടക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത്.
പി ടി സെവനെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനമായെങ്കിലും സ്ഥലത്തെ ഭൂപ്രകൃതിയടക്കം പല പ്രതികൂല സാഹചര്യങ്ങള തരണം ചെയ്യേണ്ടി വരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ധോണയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളി ഉയർത്തുന്നതിനാൽ മയക്കുവെടി വെയ്ക്കാനായി ഉചിതമായ സ്ഥലം തിരഞ്ഞെടുക്കുകയാണ് പ്രധാനമെന്നാണ് അധികൃതർ അറിയിക്കുന്നത്. തിങ്കളാഴ്ചയ്ക്ക് ശേഷം ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിലും വ്യക്തത വരുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്നെത്തി സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തി വിലസിയ കൊലയാളി മോഴ അരിശിരാജയെ (പി.എം 2) വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിൽ സജ്ജമാക്കിയ കൊട്ടിലിലടച്ചിരുന്നു. ഇതിനിടയിൽ ആനയുടെ ആക്രമണത്തിൽ മയക്കുവെടി വിദഗ്ദ്ധനും ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമായ ഡോ.അരുൺ സക്കറിയയ്ക്ക് പരിക്കേറ്റിരുന്നു. മോഴയാന കൂടിന്റെ ഇടയിലൂടെ തുമ്പിക്കൈ നീട്ടി അരുണിന്റെ വലതുകാലിൽ പിടിച്ചു വലിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം പി ടി സെവന്റെ സാന്നിദ്ധ്യം മൂലം പ്രദേശവാസികൾ നാളുകളായി കനത്ത ഭീതിയുടെ നിഴലിലാണ് തുടരുന്നത്. വൈകുന്നേരം ആറ് മണിക്ക് ശേഷം സാധാരണക്കാർ വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിരാവിലെ ജോലിയ്ക്കായി പോകുന്നവരും കൊലയാളി ആനയെ ഭയക്കേണ്ട അവസ്ഥയാണ്. രണ്ട് മാസങ്ങൾക്ക് മുൻപ് പ്രഭാതസവാരിയ്ക്ക് ഇടയിൽ പ്രദേശവാസിയെ ആന ചവിട്ടിക്കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |