തിരുവനന്തപുരം: ടാറില്ല...ടാറിട്ട റോഡെന്ന പേരാണ് എ.കെ.ജി സെന്റർ - സ്പെൻസർ ജംഗ്ഷൻ റോഡിന് ഇപ്പോൾ അവശേഷിക്കുന്നത്. അടവുകൾ പതിനെട്ട് പയറ്റി തെളിഞ്ഞാലേ ഇതുവഴി വാഹനം ഓടിച്ച് പോകാനാകൂ. ശ്രദ്ധയൊന്ന് പാളിയാൽ ചിതറികിടക്കുന്ന മെറ്റലിൽ നിരങ്ങി വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റിലോ ഒരു ഭാഗത്ത് നിരനിരയായി നിറുത്തിയിട്ടിരിക്കുന്ന കാറുകളിലോ ഇടിച്ച് നിൽക്കുമെന്നുറപ്പ്. നഗരത്തിലെ സ്‌മാർട്ട് റോഡിന്റെ ജീവിച്ചിരിക്കുന്ന സ്‌മാരകമാണ് സംസ്ഥാനവും നഗരവും ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാന മന്ദിരമായ എ.കെ.ജി സെന്ററിന് മുന്നിലൂടെയുള്ള റോഡ്. പാറ്റൂർ,ചാക്ക എന്നിവിടങ്ങളിൽ നിന്ന് സ്റ്റാച്യുവിലേക്ക് പോകാനും തിരിച്ചും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. ഒന്നര വർഷം മുമ്പ് കുഴിച്ച റോഡ് മണ്ണിട്ട് നികത്തിയതല്ലാതെ വേറൊന്നും ചെയ്‌തിട്ടില്ല. കരാറുകാരൻ പാതി വഴിയിൽ ജോലികൾ ഉപേക്ഷിച്ചതോടെ റോഡിപ്പോൾ പാർക്കിംഗ് കേന്ദ്രമാണ്. മഴയെത്തിയാൽ വെള്ളം നിറഞ്ഞ് ചെളിക്കുളമാകും. കഴിഞ്ഞ മഴയത്ത് 60കാരൻ തെന്നി കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. പരാതികൾ വ്യാപകമായതോടെയാണ് തട്ടിക്കൂട്ടി കുഴി നികത്തിയത്. സി.പി.എം നേതാക്കളടക്കം നിരവധി പേർ നിരന്തരം ആശ്രയിക്കുന്ന റോഡിന്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ നേതൃത്വം അടക്കം നിർദ്ദേശം നൽകിയെങ്കിലും പുതിയ കരാറുകാരെ കണ്ടെത്താൻ നഗരസഭയ്‌ക്കും സ്‌മാർട്ട് സിറ്റി പ്രൈവറ്റ് ലിമിറ്റഡിനും കഴിഞ്ഞില്ല. എന്നാൽ ഇരുകൂട്ടരും ഒഴുക്കൻ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |