പത്തനംതിട്ട : ഏറെ പ്രതീക്ഷയോടെ നട്ടുവളർത്തിയ കൃഷികൾ വിളവെത്തിയപ്പോൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നഷ്ടമാകുകയാണ്. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതിയുണ്ടെങ്കിലും മാനദണ്ഡങ്ങൾ കുരുക്കാവുമെന്ന് കണ്ട് കർഷകർ പിൻമാറുകയാണ്. നെൽകൃഷി ഉൾപ്പെടെ കാട്ടുപന്നികൾ നശിപ്പിക്കുന്നു. ജില്ലയിൽ മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ട്. കൃഷിയുടെ സംരക്ഷണവേലികൾ തകർത്തും മറികടന്നുമാണ് ഇവ വിഹരിക്കുന്നത്.
മെഴുവേലി പുഷ്പവാടിയിൽ പ്രദീപ് ഏറെ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി വൻതുക ചെലവാക്കി നടത്തിയ കൃഷി ഒന്നുപോലും ബാക്കി വയ്ക്കാതെ കാട്ടുപന്നികൾ നശിപ്പിച്ചു. നാല് ഏക്കറോളം സ്ഥലത്ത് സംരക്ഷണ വേലിയിട്ട് ജലസേചനത്തിന് പമ്പുസെറ്റും സ്ഥാപിച്ചാണ് പ്രദീപ് കൃഷി നടത്തിയത്. വാഴ, പടവലം, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ, കപ്പ, ചേമ്പ് തുടങ്ങിയവ പന്നികൾ നശിപ്പിച്ചു. കുലച്ചതും കുലയ്ക്കാറായതുമായ വാഴയുടെ ചുവട് പന്നികൾ തേറ്റപ്പല്ല് കൊണ്ട് കുത്തി മറിച്ചിട്ടു. വെള്ളായനി, മണ്ണുത്തി, കൃഷ്ണപുരം എന്നിവിടങ്ങളിൽ നിന്ന് വിവിധയിനം തെങ്ങിൻ തൈകൾ വൻവില കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് നട്ടതും നശിപ്പിച്ചു. 145 തെങ്ങിൻ തൈകളാണ് പറമ്പിൽ വച്ചുപിടിപ്പിച്ചത്. വളർന്ന തെങ്ങിന്റെ ഒാലകളും മടലും കുത്തിക്കീറി. നാമ്പുകളും നശിപ്പിച്ചു. ഇത് ഒരു കർഷകൻ മാത്രം നേരിടുന്ന പ്രതിസന്ധിയല്ല. ഇത് ജില്ലയിൽ കാട്ടുപന്നി സാന്നിദ്ധ്യമുള്ള പ്രദേശത്തെ പൊതുചിത്രമാണ്.
നരിക്കുഴി പാടത്ത് വീണ്ടും പന്നികൾ
അടുത്തമാസം കൊയ്യാൻ പാകമായ വള്ളിക്കോട് നരിക്കുഴി പാടശേഖരത്ത് ഏക്കറുകൾ കണക്കിന് നെല്ല് കാട്ടുപന്നികൾ നശിപ്പിച്ചു. രാത്രിയിൽ പന്നികൾ കൂട്ടത്തോടെയെത്തി നെൽപ്പാടത്ത് കിടന്ന് ഉരുളുന്നതിനാലാണ് കൃഷി നശിക്കുന്നതെന്ന് കർഷകർ പറയുന്നു. നെല്ലിന്റെ അരവ് ദേഹത്ത് കൊള്ളുന്നത് പന്നികൾക്ക് സുഖം നൽകുന്നതാണ്. വള്ളിക്കോട് വിദ്യാഭവനിൽ മനോജിന് ഒരേക്കറിൽ നെൽ കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയിലെത്തിയ കാട്ടുപന്നികൾ ചവിട്ടിത്തേച്ചും കിടന്നുരുണ്ടും കതിരുകൾ നശിച്ചു. ഒരേക്കറിലെ കൃഷിക്ക് മുപ്പതിനായിരത്തോളം രൂപ ചെലവ് വരുമെന്ന് മനോജ് പറഞ്ഞു. വിതയ്ക്കുള്ള വിത്ത് മാത്രം കൃഷിഭവനിൽ നിന്ന് സൗജന്യമായി ലഭിക്കും. പാടം പൂട്ടിയൊരുക്കൽ, വരമ്പ് കെട്ട്, വളം തുടങ്ങിയവയ്ക്ക് ഭാരിച്ച ചെലവുണ്ട്. കൃഷി നശിച്ചാൽ നഷ്ടപരിഹാരം നാമമാത്രമാണ്. മുപ്പതോളം കർഷകരാണ് നരിക്കുഴി പാടശേഖര സമിതിയിലുള്ളത്. കൊടുമൺ പഞ്ചായത്തിലെ പാടശേഖരങ്ങളിലും പന്നിശല്യം രൂക്ഷമാണ്.
നെൽപ്പാടത്തും പറമ്പിലും വിളവെത്തിയ കൃഷികൾ നശിപ്പിക്കുന്നു
'' വാണിജ്യ അടിസ്ഥാനത്തിൽ കൃഷി തുടങ്ങിയതാണ്. വീട്ടാവശ്യത്തിന് ഉള്ളതുപോലും കാട്ടുപന്നികൾ തരുന്നില്ല. പന്നിയെ വെടിവയ്ക്കുന്നതിനുളള മാനദണ്ഡം പാലിക്കൽ വലിയ നിയമക്കുരുക്കുണ്ടാക്കും. അതിലും നല്ലത് കൃഷി ഉപേക്ഷിക്കുന്നതാണ്.
പ്രദീപ് പുഷ്പവാടി, മെഴുവേലി
'' പാടത്തെ നെല്ലുകൾ പന്നികൾ ചവിട്ടി മറിച്ചാൽ നഷ്ടപരിഹാരം അഞ്ഞൂറ് രൂപയ്ക്ക് താഴെ മാത്രം ലഭിക്കും. ഒരേക്കറിലെ നെൽകൃഷിക്ക് മുപ്പതിനായിരം രൂപയോളം ചെലവാകും.
മനോജ്, വിദ്യാഭവൻ. നെൽകർഷൻ വള്ളിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |