വിതുര: വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടിയിൽ തിരക്കേറുന്നു. ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുന്നതിനായി പതിനായിരങ്ങളാണ് പൊന്മുടി കയറിയത്. തിരക്ക് കാരണം ഗതാഗതതടസവും അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല അനവധി അപകടങ്ങളും അരങ്ങേറി. ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി രണ്ടരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാഴ്ച മുൻപ് വീണ്ടും ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്. അന്നുമുതൽ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്.
പൊന്മുടി മേഖലയിൽ ഇപ്പോൾ ചൂട് വർദ്ധിച്ചിട്ടുണ്ട്. എങ്കിലും രാത്രിയിൽ മഞ്ഞുവീഴ്ചയുമുണ്ട്. തണുപ്പും അനുഭവപ്പെടുന്നുണ്ട്. ചില ദിവസങ്ങളിൽ നേരിയതോതിൽ മഴയുടെ സാന്നിദ്ധ്യവുമുണ്ട്. മഞ്ഞിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പൊന്മുടിയിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് നവ്യാനുഭൂതി പകരും.
പൊന്മുടിയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പൊന്മുടി കർമ്മസേന എന്ന പേരിൽ ഒരു പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിത വിനോദസഞ്ചാരം ഉറപ്പാക്കുന്നതിനും, സഞ്ചാരികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും, അടിയന്തര സാഹചര്യം ഉണ്ടായാൽ വിനോദസഞ്ചാരികളെ സഹായിക്കുന്നതിനും, സംരക്ഷിത വനപ്രദേശങ്ങളിലെ മാലിന്യനിക്ഷേപം നിയന്ത്രിക്കുക എന്നീ ഉദ്ദേശ്യങ്ങളോടുകൂടിയാണ് സേന രൂപീകരിച്ചിരിക്കുന്നത്.
അപായബോർഡ്
അനവധി അപകടമരണങ്ങൾ അരങ്ങേറിയ കല്ലാറിൽ അപകടങ്ങൾക്ക് തടയിടാൻ പൊലീസ് പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി വട്ടക്കയത്തിൽ കല്ലാർ റസിഡന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ അപായബോർഡ് സ്ഥാപിച്ചു.
അവധി ദിനങ്ങളിൽ തിരക്കേറുന്നു
ശനി,ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ഇൗ ദിവസങ്ങളിൽ പൊന്മുടി വാഹനങ്ങളാൽ നിറയും. പൊന്മുടി കല്ലാർ റൂട്ടിൽ ഗതാഗതക്കുരുക്കും രൂക്ഷമാകും. വനപാലകരും പൊലീസും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്.
തിരക്കോടു തിരക്ക്
പൊന്മുടിക്ക് പുറമേ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചുവരികയാണ്. കല്ലാർ,ബോണക്കാട്, പേപ്പാറ, മീൻമുട്ടി, വാഴ്വാൻതോൽ, ബോണക്കാട് എന്നിവിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. പകൽസമയത്തു പോലും കാട്ടാനയും കാട്ടുപോത്തും പന്നിയും മറ്റും ടൂറിസം മേഖലകളിൽ ഭീതിപരത്തി വിഹരിക്കുകയാണ്. സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ പഞ്ചായത്തും പൊലീസും വനപാലകരും ടൂറിസംവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |