ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അടച്ചിട്ട വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 72 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടി. 44 ചാക്ക് പച്ചരി, ഒരു ചാക്ക് പുഴുക്കലരി, 26 ചാക്ക് കുത്തരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ മുട്ടത്തുപറമ്പ് റോഡിന് സമീപത്തെ വീട്ടിൽ നിന്നാണ് ഇവ പിടികൂടിയത്.
അനധികൃതമായി സൂക്ഷിക്കുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടാൻ കളക്ടറുടെ നിർദേശപ്രകാരം ജില്ലയിൽ പ്രവർത്തനമാരംഭിച്ച സ്‌ക്വാഡിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനാദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആളൊഴിഞ്ഞ റേഷൻ ഭക്ഷ്യധാന്യങ്ങളടങ്ങിയ ചാക്ക് കെട്ടുകൾ കണ്ടെത്തുകയുമായിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് വീട്ടിൽ കയറി ഇവ പിടിച്ചെടുത്തത്. വിവരമറിഞ്ഞ് കളക്ടർ വി.ആർ. കൃഷ്ണ തേജയും സ്ഥലത്തെത്തിയിരുന്നു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.യു.നിഷ, വിജില കുമാരി, മുനീർ, ഡ്രൈവർ സുരേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |