പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിൽ മൃഗചികിത്സ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സാഹചര്യങ്ങളിൽ കർഷകരുടെ വീടുകളിൽ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആശുപത്രിയിൽ നേരിട്ടെത്താൻ സാധിക്കാത്ത സന്ദർഭങ്ങളിൽ രാത്രി 8വരെ 1962 ടോൾ ഫ്രീ നമ്പറിലൂടെ നിശ്ചിതഫീസ് നൽകി ചികിത്സ ലഭ്യമാക്കാം. തുടക്കത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ എട്ടുവരെയാണ് സേവനം.ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സർജൻ, ഒരു പാരാവെറ്റ്, ഒരു ഡ്രൈവർ കം അറ്റൻഡന്റ് എന്നിങ്ങനെ മൂന്ന് പേരാണുള്ളത്. ലൈവ്സ്‌റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചിട്ടുള്ളത്.
പാറശാലയിൽ ആരംഭിച്ച ബ്ലോക്ക് പഞ്ചായത്തുതല മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആൽവേഡിസ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ജുസ്മിത, ജി.സുധാർജ്ജുനൻ, ജെ.ലോറെൻസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ബ്ലോക്ക് മെമ്പർ വൈ.സതീഷ്, ഡോ.ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.എസ്.മണികണ്ഠൻ സ്വാഗതവും ഡോ.പ്രീതി ഡേവിഡ്‌സൺ നന്ദിയും പറഞ്ഞു. ചീഫ് വെറ്ററിനറി ഓഫീസർ അനിത പദ്ധതി വിശദീകരണം നടത്തി.
തുടക്കത്തിൽ കർഷകർ നിശ്ചിത തുക നൽകണം. കന്നുകാലികൾക്ക് 450 രൂപയും നായ, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങൾക്ക് 950 രൂപയുമാണ് നൽകേണ്ടത്. പിന്നീട് ആ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തിരിച്ചു ലഭിക്കുന്ന രീതിയിൽ പദ്ധതികൾ നടപ്പിലാക്കുന്നതോടെ ഫലത്തിൽ സൗജന്യ സേവനം ലഭ്യമാക്കുക എന്നതാണ് വിഭാവനം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |