ശബരിമല : സന്നിധാനത്തേക്ക് കാൽനടയായി സത്രം, പുല്ലുമേട് വഴി കഠിനമായ കാനനപാത താണ്ടിയെത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമാകുകയാണ് ആരോഗ്യവകുപ്പിന്റെ പുല്ലുമേട്ടിലെ വൈദ്യസഹായകേന്ദ്രം. മകരവിളക്ക് തൊഴുന്നതിനായി പുല്ലുമേട്ടിലെ വ്യൂ പോയിന്റിലെത്തിയ ഭക്തർക്ക് ആശ്വാസമായതും ഈ താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന വൈദ്യസഹായകേന്ദ്രമായിരുന്നു. ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഡ്രൈവർ എന്നിങ്ങനെ നാലു ജീവനക്കാരാണ് ആരോഗ്യകേന്ദ്രത്തിലുള്ളത്. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ഭക്തരാണ് ഇവിടത്തെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. സത്രത്തിൽ നിന്ന് 12 കിലോമീറ്റർ നടന്നാണ് തീർത്ഥാടകർ മലകളും കാട്ടുപാതകളും താണ്ടി സന്നിധാനത്ത് ദർശനത്തിനെത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമുള്ള കൊച്ചുകുട്ടികളും വയോധികരും ഉൾപ്പെടെ സന്നിധാനത്തേക്കും തിരിച്ചും പുല്ലുമേട് കാനനപാതയിലൂടെ എത്തുന്നുണ്ട്.
ഇടുക്കി ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് പുല്ലുമേട് വൈദ്യസഹായകേന്ദ്രം. സത്രത്തിലും വൈദ്യസഹായകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. എരുമേലിയിൽ നിന്ന് മലകയറുന്നവർക്കായി പെരുവന്താനം മെഡിക്കൽ ഓഫീസറുടെ കീഴിൽ മുക്കുഴിയിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.
അപസ്മാരം, ഹൃദയ സ്തംഭനം, പേശീസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയുള്ളവരാണ് ചികിത്സ തേടിയവരിൽ അധികവും. കോഴിക്കാനത്ത് നിന്ന് പുല്ലുമേടുവരെയുള്ള റോഡിൽ വിവിധ വിഭാഗങ്ങളായി തിരിച്ച് എട്ടു ക്ലിനിക്കുകളാണ് മകരവിളക്ക് ദിവസം പ്രവർത്തിച്ചത്. ഓരോ ആഴ്ചയിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാർ സേവനത്തിനെത്തും. വാഴത്തോപ്പ് പ്രാഥമികാരോഗ്യത്തിലെ അസിസ്റ്റന്റ് സർജ്ജൻ ഡോ. മാത്യു തരുൺ ജോർജ് , ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് കൃഷ്ണദാസ് വിശ്വംഭരൻ , കരുണാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ജോസ് കുര്യക്കോസ്, ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്രൈവർ അനൂപ് സാബു എന്നിവരാണ് ഇപ്പോൾ ഇവിടെയുള്ളത്. 20 ന് നട അടയ്ക്കുന്നതുവരെ ഇവരുടെ സേവനം ലഭ്യമാകും. അഴുത ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഡോൺ ബോസ്‌കോ ആണ് ആരോഗ്യ കേന്ദ്രത്തിന്റെ ചാർജ് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |