ന്യൂഡൽഹി: നമുക്ക് മുന്നിൽ 400 ദിവസങ്ങളുണ്ടെന്നും പാർട്ടി പ്രവർത്തകരും നേതാക്കളും എല്ലാ വോട്ടർമാരിലുമെത്താനുള്ള പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ദേശീയ നിർവാഹക സമിതി യോഗത്തിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആവുന്നതെല്ലാം ചെയ്യണം. നമുക്ക് ചരിത്രം രചിക്കാൻ കഴിയണമെന്നും സമാപന സമ്മേളനത്തിൽ നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
18നും 25നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതൽ കേന്ദ്രീകരിക്കണം. കാരണം അവർക്ക് മുൻ സർക്കാരുകളുടെ ദുർഭരണം പരിചിതമല്ല. എങ്ങനെയാണ് ആ ദുർഭരണത്തിൽ നിന്ന് സദ്ഭരണത്തിലേക്ക് ഇപ്പോഴത്തെ സർക്കാരിന്റെ കീഴിൽ രാജ്യം നീങ്ങിയതെന്ന് അവരെ ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇന്ത്യൻ ജനാധിപത്യത്തെ പരിചയപ്പെടുത്തുകയും സദ്ഭരണത്തിന്റെ ഭാഗമാകാൻ അവരെ സഹായിക്കുകയും വേണം. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ ഉൾപ്പെടെ സംഘടന ശക്തിപ്പെടുത്തുന്നതിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി യുവമോർച്ചയുടെ അടക്കം പരിപാടികൾ സംഘടിപ്പിക്കണം. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ കാണാൻ പാർട്ടി പ്രവർത്തകരും നേതാക്കളും തയ്യാറാകണം. ബൊഹറാസ്, പസ്മണ്ടാസ്, സിഖ് തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പരിഗണന നൽകാതെ എത്തിച്ചേരാൻ കഴിയണം.
ബി.ജെ.പി കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെ പരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന സാമൂഹിക പ്രസ്ഥാനവും കൂടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ അമ്യത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റണം. അപ്പോൾ മാത്രമെ രാജ്യത്തിന് അതിവേഗം പുരോഗതിയിലേക്ക് നീങ്ങാൻ കഴിയൂ. ഇന്ത്യയുടെ ഏറ്റവും മികച്ച കാലം വരാനിരിക്കുന്നു. അതിന്റെ വികസനത്തിനായി നാം സ്വയം സമർപ്പിക്കണമെന്നും പ്രധാനമന്ത്രി നിർവാഹക സമിതി യോഗത്തിൽ വ്യക്തമാക്കിയതായി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |