ന്യൂഡൽഹി: ചെന്നൈ വിമാനത്താവളത്തിൽ പറന്നുയരാൻ തയ്യാറായ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ ബി.ജെ.പി നേതാവും ബംഗളൂരു സൗത്ത് ലോക്‌സഭാ എം.പിയുമായ തേജസ്വി സൂര്യ തുറന്ന സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങി. ചെന്നൈ-തിരുച്ചിറപ്പള്ളി വിമാനത്തിൽ ഡിസംബർ 10-നുണ്ടായ സംഭവം എം.പി രേഖാമൂലം ക്ഷമാപണം നടത്തിയതിനെ തുടർന്ന് വിമാനക്കമ്പനി റിപ്പോർട്ട് ചെയ്‌തില്ല. തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും ഒപ്പമുണ്ടായിരുന്നു,
എമർജൻസി വാതിലിനരികെ ഇരിക്കുന്നവർ അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ എയർഹോസ്റ്റസ് വിശദീകരിച്ചു കഴിഞ്ഞയുടൻ എം.പി ലിവർ വലിച്ച് പരീക്ഷിക്കുകയായിരുന്നു. വാതിൽ തുറന്ന സമയത്ത് റൺവേയിൽ ആയിരുന്നതിനാൽ അപകടമുണ്ടായില്ല. എമർജൻസി വാതിൽ തുറന്നാൽ പഴയപടിയാക്കാൻ സമയമെടുക്കും. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധനയ്ക്ക് ശേഷം രണ്ടുമണിക്കൂർ വൈകി യാത്ര തുടർന്നു. തേജസ്വിയെ സീറ്റ് മാറ്റി യാത്ര ചെയ്യാൻ അനുവദിച്ചു.
ക്ഷമാപണം നടത്തിയതിന്റെ പേരിൽ സംഭവം മറച്ചുവച്ചതിന് ഇൻഡിഗോ വിശദീകരണം നൽകേണ്ടി വരും.
അതേ വിമാനത്തിലുണ്ടായിരുന്ന ഡി.എം.കെ വക്താവും ബി.ജെ.പി മുൻ നേതാവുമായ ബി.ടി. അരശ കുമാറിന്റെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, വാതിൽ തുറന്നത് തേജസ്വിയാണെന്ന് അദ്ദേഹവും പറഞ്ഞില്ല. സംഭവം ചെന്നൈ എയർപോർട്ട് അധികൃതരും ഡി.ജി.സി.എ അധികൃതരും സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരന്റെ പേര് പുറത്തുവിട്ടില്ല. വാതിൽ തുറന്നത് കണ്ട് പരിഭ്രമിച്ച സഹയാത്രികരോട് വാതകച്ചോർച്ചയുണ്ടായെന്നാണ് വിമാനജീവനക്കാർ പറഞ്ഞത്.
2019 ഏപ്രിലിൽ, ബംഗളൂരു-ലക്‌നൗ വിമാനത്തിൽ ജനലെന്ന് തെറ്റിദ്ധരിച്ച് എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെതിരെ കേസെടുത്തിരുന്നു. 2017 ഫെബ്രുവരിയിൽ, മുംബയ്-ചണ്ഡിഗർ ഇൻഡിഗോ വിമാനത്തിലും സമാനസംഭവമുണ്ടായി. അന്ന് യാത്രക്കാരനെ അറസ്റ്റ് ചെയ്‌തു.
പറക്കുമ്പോൾ വാതിൽ തുറന്നാൽ
പാസഞ്ചർ വിമാനം പറക്കുമ്പോൾ ഉപരിതലത്തിലെ ഓരോ ചതുരശ്ര ഇഞ്ചിലും ഏകദേശം 3.3 പൗണ്ട് അന്തരീക്ഷമർദ്ദം പ്രയോഗിക്കുന്നതിനാൽ വാതിൽ തള്ളിത്തുറക്കുക സാദ്ധ്യമല്ല. മർദ്ദം അതിജീവിച്ച് വാതിൽ തുറക്കാൻ അമാനുഷിക ശക്തി വേണ്ടിവരും. അഥവാ വാതിൽ തുറന്നാൽ വിമാനത്തിൽ മർദ്ദ വ്യതിയാനമുണ്ടാവുകയും സീറ്റ് ബെൽറ്റ് ഇടാത്ത ആളുകളടക്കം പുറത്തേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യും. വിമാനത്തിലെ താപനിലയും ഓക്സിജന്റെ അളവും കുറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |