തിരുവനന്തപുരം : മൂന്നു മാസമായി ശമ്പളം കൃത്യമായി നൽകാതെ പകുതിയോളം രൂപ അനധികൃതമായി വെട്ടിച്ചുരുക്കിയതിനെ തുടർന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ സുരക്ഷാ ജീവനക്കാർ ഇന്നലെ 12 മണിക്കൂർ പണിമുടക്കി.സ്വകാര്യ ഏജൻസിയായ ഡെൽറ്റയിലെ ജീവനക്കാരാണ് ശമ്പളത്തിന് വേണ്ടി ഇന്നലെ രാവിലെ 7 മുതൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. താത്കാലിക ഒത്തുതീർപ്പിന് ജീവനക്കാർ വഴങ്ങാതെ വന്നതോടെ സ്വകാര്യ ഏജൻസി അധികൃതർ ആശുപത്രിയിലെത്തി ഡയക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി. കുടിശിക പൂർണമായി നൽകാമെന്നും അടിസ്ഥാന ശമ്പളം 14000 രൂപയിൽ നിന്നും 14400 ആയി വർദ്ധിപ്പിക്കാമെന്നും തീരുമാനമായതോടെ പ്രതിഷേധം അവസാനിച്ചു. തുടർന്ന് രാത്രി 7മുതലുള്ള ഷിഫ്റ്റിൽ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 7 മുതൽ സുരക്ഷാ ജീവനക്കാർ എല്ലാവരും ശ്രീചിത്രയ്ക്ക് മുന്നിലെത്തി തടിച്ചു കൂടി നിന്നു. ഇതോടെ ആശുപത്രിയിൽ വരുന്നവരുടെയും പോകുന്നവരുടെയും കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാതായി. ഇതോടെ ജോലിയിൽ പ്രവേശിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വഴങ്ങിയില്ല. പിന്നാലെ ആശുപത്രി അധികൃതർ ഡെറ്റയുമായി ബന്ധപ്പെട്ടെങ്കിലും വേഗത്തിൽ തീരുമാനമുണ്ടായില്ല. ഫോണിലൂടെ പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് ഡെൽറ്റ അധികൃതർ വൈകിട്ട് 4.30തോടെ ശ്രീചിത്രയിലെത്തി ജീവനക്കാരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി അനുനയത്തിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |