നീണ്ടകരയിൽ യാത്രക്കാർക്ക് ദുരനുഭവം
കൊല്ലം: യാത്രയ്ക്കിടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പെട്രോൾ പമ്പിലെത്തിയ യുവതികളെ തടഞ്ഞ് ജീവനക്കാർ. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് കല്യാണത്തിന് പോവുകയായിരുന്ന 45 ഓളം വരുന്ന സംഘത്തിലെ യുവതികൾക്കാണ് ദുരനുഭവം ഉണ്ടായത്.
ഇന്നലെ രാവിലെ 7.45 ഓടെ നീണ്ടകരയ്ക്ക് സമീപമുള്ള പമ്പിലായിരുന്നു സംഭവം.
യാത്രാമദ്ധ്യേ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായിരുന്നു പമ്പിൽ വാഹനം നിറുത്തിയത്. എന്നാൽ ഇത്രയും ആളുകൾക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും ഉപയോഗിക്കണമെങ്കിൽ പണം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വാഹനത്തിന് ഡീസൽ അടിക്കണമെന്ന് പറഞ്ഞു.
ഇതിനിടെ ടോയ്‌ലെറ്റ് ഉപയോഗിക്കുമ്പോൾ ജീവനക്കാർ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. നാല് പെൺകുട്ടികളെ ജീവനക്കാർ ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കാതെ തടഞ്ഞും വച്ചു. ഈ സമയം പമ്പിലെത്തിയ വൃദ്ധ ദമ്പതികളെയും പമ്പ് ജീവനക്കാർ ടോയ്‌ലെറ്റിൽ പോകാൻ അനുവദിച്ചില്ല.
സംഭവങ്ങൾ ചൂണ്ടിക്കാട്ടി യുവതികൾ ചവറ പൊലീസിൽ ഓൺലൈനായി പരാതി നൽകി. പരാതി ലഭിച്ച ചവറ പൊലീസ് പമ്പ് ജീവനക്കാരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |