കൊല്ലം: നിയമ നിർമ്മാണത്തിലൂടെയോ ചർച്ചകളിലൂടെയോ മാത്രം സുസ്ഥിരവികസനം സാദ്ധ്യമാകില്ലെന്നും അതിന് സമൂഹത്തിന്റെ നിലപാട് കൂടി മാറണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി 20 യുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമ്മ.
ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷത ഭാരതത്തിന് ലഭിച്ച ചരിത്ര പ്രാധാന്യമുള്ള കാര്യമാണ്. സി 20യുടെ പ്രവർത്തനങ്ങൾ വിജയകരമാക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഭാരതസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നമ്മളിൽ ഏൽപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനുള്ള ശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രകൃതിയെന്ന ശക്തിയെയും ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണം കൂടാതെയുള്ള വികസനം അസന്തുലിതമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ അവന്റെ മനസിൽ സൃഷ്ടിക്കുന്ന ദുഷിച്ച കാലാവസ്ഥയുടെ പ്രതിഫലനമാണ്. എന്റേത് എന്ന ചിന്തയിലേക്ക് നീങ്ങുന്നതോടെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായി മനുഷ്യൻ മാറുകയാണെന്നും അമ്മ പറഞ്ഞു.
തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, മന്ത്രി വി.ശിവൻകുട്ടി, ജി 20 ഷെർപ്പ അമിതാഭ് കാന്ത്, ശശി തരൂർ എം.പി, സി 20 സമിതി സെക്രട്ടേറിയേറ്റായ രാംഭൗ മൽഗി പ്രബോധിനിയുടെ വൈസ് ചെയർമാൻ വിനയ്.പി.സഹസ്രബുദ്ധെ, സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ എം, വിവേകാനന്ദ കേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിവേദിത.ആർ.ഭിദേ, ജി 20 ഷെർപ്പ വിജയ്.കെ.നമ്പ്യാർ, സാമൂഹ്യ പ്രവർത്തകരായ മാർക്ക് ബെനിയോഫ്, ടി.ഡെന്നി സാൻഫോർഡ്, സി 20 രാജ്യാന്തര അഡ്വൈസറി കമ്മിറ്റി അംഗം അലസാന്ദ്ര നിലോ, ഫ്രാൻസ് റെഡ് ക്രോസ് ജനറൽ ലീഗൽ ഡയറക്ടർ എം.ലോറെന്റ് ബെസേഡെ, സി 20 ഇന്തോനേഷ്യ ഷെർപ്പയുമായ അഹ് മഫ്തുചാൻ, രാംഭൗ മൽഗി പ്രബോധിനിയുടെ പ്രതിനിധിയായ സ്വദേശ് സിങ് തുടങ്ങിയവർ സംസാരിച്ചു.
50 കോടിയുടെ പദ്ധതിയുമായി
അമൃതാനന്ദമയി മഠം
സി 20 പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരുടെയും ഗർഭിണികളുടെയും ക്ഷേമത്തിന് 50 കോടിയുടെ പദ്ധതി മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുമെന്ന് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ചടങ്ങിൽ പറഞ്ഞു. ഈ തുക ഭിന്നശേഷിക്കാരുടെ പോഷകക്കുറവുള്ള ഗർഭിണികളുടെയും ജീവിതത്തിൽ പ്രകടമായ മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുമെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |