കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞതാണെന്നും ഈ വിഷയത്തിലെ
ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ ആഗോളതലത്തിൽ വലിയ മുന്നേറ്റം നടത്തുമ്പോൾ പുറത്തുവന്ന ഡോക്യുമെന്ററിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പഴയ കൊളോണിയൽ ഭരണാധികാരികളുടെ പിന്മുറക്കാർ വീണ്ടും ഇതെല്ലാം ചർച്ചയാക്കുന്നതും അതിന് ചില കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നതും ദൗർഭാഗ്യകരമാണ്. ഗുജറാത്തിൽ രണ്ട് ദശാബ്ദമായി സമാധാനമാണ്. അവിടത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് എതിരാണെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |