മാർച്ചിൽ തിരുവനന്തപുരത്ത് ചിത്രീകരണം
കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയ്ക് സംവിധാനം ചെയ്യുന്ന ഗ്ർർർ മാർച്ചിൽ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. കണ്ണൂർ ആണ് മറ്റൊരു ലൊക്കേഷൻ. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിട്ടില്ല. പൃഥ്വിരാജിനെ നായകനാക്കി എസ്ര എന്ന ചിത്രം ജയ്ക് സംവിധാനം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ഗ്ർർർ നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയ ഒറ്റ് ആണ് ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച അവസാന ചിത്രം.അതേസമയം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് കുഞ്ചാക്കോ ബോബൻ. അപർണ ബാലമുരളിയും, മഡോണ സെബാസ്റ്റ്യനും ആണ് നായികമാർ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയ് മാത്യു ആണ് രചന. അജയ് വാസുദേവ് സംവിധാനം ചെയ്ത പകലും പാതിരാവും ജയസൂര്യയോടൊപ്പം അഭിനയിച്ച എന്താടാ സജീ, ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ജൂഡ് അന്തോണി ജോസഫിന്റെ 2018 എന്നീ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട് . മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ നേരിട്ട് സ്ട്രീം ചെയ്ത ആദ്യ കുഞ്ചാക്കോ ബോബൻ ചിത്രം കൂടിയായിരുന്നു അറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |