പത്തനംതിട്ട : ഈ അദ്ധ്യയന വർഷമെങ്കിലും സ്കൂളിലെത്തി പഠിക്കണമെന്ന് ആഗ്രഹിച്ച ഭിന്നശേഷിക്കാരി നന്ദനയ്ക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. വീൽ ചെയർ ഉരുളാൻ 114 മീറ്റർ റോഡാണ് ആവശ്യം. എന്നാൽ നാരങ്ങാനം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 മീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിക്കാനാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. അവശേഷിക്കുന്ന 81 മീറ്റർ വഴി കോൺക്രീറ്റ് ചെയ്യാൻ എം.എൽ.എ ഫണ്ട് മാത്രമാണ് ആശ്രയമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. 114 മീറ്റർ കുത്തനെയുള്ള നടവഴി മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണക്ക് കൂട്ടൽ. അത് താങ്ങാൻ പഞ്ചായത്തിന് കഴിയില്ല. 33 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്യാൻ 1,49,640 രൂപയാണ് പഞ്ചായത്ത് വകകൊള്ളിച്ചിരിക്കുന്നത്.
കോഴഞ്ചേരി പി.ഡബ്യൂ.ഡി റോഡിൽ നിന്ന് കൊങ്ങാമലയിലേക്ക് പോകുന്ന വഴിയാണിത്. വീൽചെയർ ഉരുളാത്ത വിധം കല്ലും മണ്ണും നിറഞ്ഞ റോഡാണിത്. ജന്മനാ അരയ്ക്ക് താഴെ ചലനശേഷിയില്ലാത്ത നന്ദനയെ നാരങ്ങാനം ചന്ദ്രത്ത്പടിയിലെ കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് വീൽചെയറിലിരുത്തി നാല് പേർ എടുത്ത് വേണം താഴെ വാഹനസൗകര്യമുള്ള റോഡിലെത്തിക്കാൻ. അവിടെ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിക്കണം നന്ദന പഠിക്കുന്ന നാരങ്ങാനം ഗവ.ഹൈസ്കൂളിലെത്താൻ. മൂന്ന് വർഷം മുമ്പുവരെ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് കുറിയനേത്ത് പടിയിൽ മനോജിന്റെ ഒക്കത്തിരുന്നു കുന്നിറങ്ങി ഓട്ടോറിക്ഷയിൽ സ്കൂളിലെത്തുമായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് മനോജിന് ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും വേണ്ടിവന്നതോടെ നന്ദനയ്ക്ക് സ്കൂളിൽ പോകാൻ കഴിയാതെയായി. കഴിഞ്ഞ ഡിസംബർ 3ന് നന്ദനയുടെ നിസാഹയത കേരളകൗമുദി ജനമദ്ധ്യത്തിൽ എത്തിച്ചിരുന്നു. തുടർന്ന് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തുടർന്നാണ് പഞ്ചായത്ത് ഫണ്ട് വകയിരുത്തുന്നത്.
പ്രതീക്ഷ വീണാജോർജിൽ
മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ടുവർഷം മുമ്പ് വഴിക്കായി നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാഞ്ഞതിനാൽ തുക വിനിയോഗിക്കാനായില്ല. എന്നാൽ ഇപ്പോൾ സ്കൂൾ അധികൃതരും സ്പെഷ്യൽ എഡ്യൂക്കേറ്ററും പഞ്ചായത്തിൽ അപേക്ഷ നൽകി റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി. തുടർന്നാണ് പഞ്ചായത്ത് പദ്ധതിയൊരുക്കിയത്. അവശേഷിക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് എം.എൽ.എ ഫണ്ടിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നന്ദനയും കുടുംബവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |