ചെന്നൈ : 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹമുയർന്നിരുന്നു. തമിഴ്നാട് സംസ്ഥാന ബിജെപി മേധാവി അണ്ണാമലൈയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വിഷയത്തിൽ ഗൗരവമേറിയ ചർച്ചകൾ ഉയർന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലുമാണ് മോദി മത്സരിച്ചത്. രണ്ട് സീറ്റിലും വിജയിച്ചെങ്കിലും അദ്ദേഹം വാരണാസിയെ പ്രതിനിധീകരിക്കാനാണ് താത്പര്യപ്പെട്ടത്. 2019ൽ വാരാണസിയിൽ നിന്ന് മാത്രമാണ് ജനവിധി തേടിയത്. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇക്കുറി വാരണാസിക്ക് പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ മോദി താത്പര്യപ്പെടുന്നു എന്നാണ് പുറത്ത് വരുന്ന അഭ്യൂഹം.
എന്തിന് തമിഴ്നാട് ?
നിലവിൽ 2024ലെ പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി ജെ പിക്ക് പറയത്തക്ക പരാജയ ഭീതിയൊന്നും ഇല്ല. ഉരുക്കുകോട്ടകളിൽ ബി ജെ പിയുടെ നില സുരക്ഷിതമാണെന്നതാണ് കാരണം. എന്നാൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ താമര നിർലോഭം വിരിയുമ്പോഴും ദക്ഷിണേന്ത്യയിൽ അതല്ല സ്ഥിതി. കർണാടകയെ ഒഴിച്ചു നിർത്തിയാൽ കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ പാർട്ടിയുടെ വേരോട്ടം പ്രതീക്ഷിക്കുന്ന വേഗത്തിലല്ല. കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങളുടെ ഉറവിടവും ദക്ഷിണേന്ത്യയിൽ നിന്നുള്ളതാണെന്നതും ഇവിടെ മാറ്റമുണ്ടാക്കണമെന്ന ചിന്ത ബി ജെ പിയിൽ ഉണ്ടാക്കുന്നുണ്ട്.
തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നും മോദി ജനവിഥി തേടും എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. പുണ്യസ്ഥലമായ രാമസേതുവും, രാമേശ്വരവും ഉൾപ്പെടുന്ന മണ്ഡലം കൂടിയാണിത്. വാരണാസിയും രാമേശ്വരവും തമ്മിൽ ബന്ധപ്പെടുത്തി മോദിയുടെ മത്സരത്തിന് സാധുത കണ്ടെത്തുന്നവരും ഉണ്ട്. ബി ജെ പിക്ക് വേണ്ടത്ര വേരോട്ടം ഇനിയും ആയിട്ടില്ലെങ്കിലും, തമിഴ്നാട്ടിൽ പ്രതിപക്ഷത്തിന്റെ കരുത്തും തണലും ബി ജെ പിക്കുണ്ട്. ഇതിനൊപ്പം മോദിയുടെ വ്യക്തിപ്രഭാവം വോട്ടാക്കിമാറ്റാനായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ മത്സരിച്ചപ്പോൾ അതിന്റെ പ്രഭാവം കോൺഗ്രസിന് മറ്റു മണ്ഡലങ്ങളിൽ അനായാസ ജയത്തിന് കളമൊരുക്കിയിരുന്നു.
കോൺഗ്രസിന് എന്നും അടിത്തറയേകുന്ന ഗാന്ധി കുടുംബത്തിലെ നേതാക്കൾ കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാം മത്സരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1978ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് മത്സരിച്ചിരുന്നു. 1980ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി അവിഭക്ത ആന്ധ്രാപ്രദേശിലെ മേഡക്കിൽ നിന്ന് മത്സരിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 1999ൽ ഉത്തർപ്രദേശിലെ അമേഠിയോടൊപ്പം കർണാടകയിലെ ബെല്ലാരിയിൽ നിന്നും മത്സരിച്ചു. അവർ രണ്ട് സീറ്റുകളിലും വിജയിച്ചിരുന്നുവെങ്കിലും അമേഠി മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് മണ്ഡലം തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇതുവരെ ഇവരാരും
തമിഴ്നാട്ടിലേക്ക് പോയിട്ടില്ല. ഇതും മോദിയുടെ വരവിൽ ചർച്ചയായേക്കാം.
അടുത്തിടെ കേരളത്തിലെ ജനം ടിവിയുടെ മാതൃകയിൽ തമിഴ്നാട്ടിൽ സംഘപരിവാർ ആശയങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി ഒരു ചാനൽ ആരംഭിക്കുന്നതിനെ കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ചെന്നൈ - മൈസൂരു റൂട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇതിന് പുറമേ മധുരൈ, രാമേശ്വരം റെയിൽ റൂട്ടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾക്കാണ് കേന്ദ്രം അടുത്തകാലത്തായി മുൻഗണന നൽകുന്നത്. അടുത്തിടെ വാരണാസിൽ മോദി ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടിപ്പിച്ച കാശി തമിഴ് സംഗമം ഉൾപ്പടെ ഇപ്പോൾ ചർച്ചയാവുകയാണ്. എന്നാൽ കോൺഗ്രസിനും , ഡി എം കെയ്ക്കും മേൽക്കൈയുള്ള മേഖലയാണ് രാമനാഥപുരമെന്നതിനാൽ ഇവിടെ മോദി പരീക്ഷണത്തിന് ഒരുങ്ങുമോ എന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |