കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്) ബാധിതർ വൻതോതിൽ വർദ്ധിച്ചതായി ആരോഗ്യ വിദഗ്ദ്ധർ. കണക്കെടുക്കാൻ പോലും സാധിക്കാത്ത തരത്തിൽ എണ്ണത്തിൽ വർദ്ധനയുണ്ടായി. 30 മുതൽ 46 ശതമാനത്തിന്റെ വർദ്ധനയെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ജീവിത സാഹചര്യങ്ങളിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളാണ് ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് കാരണം. അതിനാൽ ജീവിതശൈലീ രോഗമായാണ് ഇത് പരിഗണിക്കപ്പെടുക.
കൊവിഡിനു ശേഷം
കൊവിഡിനു ശേഷം പി.സി.ഒ.ഡി രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. നടപ്പ് കുറഞ്ഞത്, ജോലി സമയം വർദ്ധിച്ചത്, ഒരേ രീതിയിൽ നിരവധി മണിക്കൂറുകളുള്ള ഇരിപ്പ്, ജങ്ക് ഫുഡിന്റെ അമിത ഉപയോഗം എന്നിവയെല്ലാം ഈ കാലയളവിൽ വർദ്ധിച്ചു. ഇവ കാരണമായി ചൂണ്ടിക്കാട്ടുന്നു.
പി.സി.ഒ.ഡി
അണ്ഡാശയത്തിൽ പ്രായപൂർത്തിയാകാത്തതോ ഭാഗികമായി മാത്രം പ്രായപൂർത്തിയായതോ ആയ അണ്ഡം രൂപപ്പെടുകയും ഇവ പിന്നീട് ഗർഭാശയത്തിൽ ചെറുകുമിളകളായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പി.സി.ഒ.ഡി.
ചില കേസുകളിലെങ്കിലും പി.സി.ഒ.ഡി രോഗബാധ ദാമ്പത്യ ജീവിതത്തെ വരെ ബാധിക്കുന്നുണ്ട്. ചിട്ടയായായ ജീവിതക്രമം രൂപപ്പെടുത്തിയെടുക്കുന്നതിലൂടെ ഇതിന് താത്കാലിക പരിഹാരം കാണാനാകും.
ലക്ഷണങ്ങൾ
ക്രമരഹിതമായ ആർത്തവം
വയർ ഭാരം കൂടുന്നതായി അനുഭവപ്പെടുക
വന്ധ്യത
മുടികൊഴിച്ചിൽ
മാനസിക സമ്മർദ്ദം
അമിത ദേഷ്യം
ഉത്കണ്ഠ
പരിഹാരം
അമിതവണ്ണം കുറയ്ക്കുക
ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക
ജങ്ക്, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക
പതിവായി 45 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക
പി.സി.ഒ.എസ്
പി.സി.ഒ.ഡിയേക്കാൾ തീവ്രമായ അവസ്ഥയാണ് പി.സി.ഒ.എസ് ഈ അവസ്ഥയിൽ അണ്ഡാശയത്തിൽ പുരുഷ ഹോർമോൺ അമിതമായ അളവിൽ ഉദ്പാദിപ്പിക്കപ്പെടുന്നു. ഇത് ഓരോ മാസവും പത്തിലധികം ഫോളികുലാർ സിസ്റ്റുകൾ അണ്ഡാശയത്തിൽ രൂപപ്പെടാൻ കാരണമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |