62-ാം വയസിൽ ഭരതനാട്യം പഠിച്ച് റിട്ട. അദ്ധ്യാപിക
തൃശൂർ: വേദിയിൽ അടുത്തതായി ശാരിമോളുടെ ഭരതനാട്യം. അറിയിപ്പ് കേട്ടപ്പോൾ നൃത്തച്ചുവടുകളുമായെത്തുന്ന കൊച്ചുകുട്ടിയെ പ്രതീക്ഷിച്ചിരുന്ന കാണികൾക്കു മുന്നിലെത്തിയത് റിട്ട. അദ്ധ്യാപിക. വയസ് 62. നൃത്തം ചെയ്ത് വേദി കൈയടക്കിയപ്പോൾ ശാരിമോൾക്ക് സദസിന്റെ നിറഞ്ഞ കൈയടി.
തൃശൂർ ചെറുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തോട് അനുബന്ധിച്ചാണ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കുറുവത്ത് വീട്ടിൽ ശാരിമോളുടെ ഭരതനാട്യം അരങ്ങേറിയത്. ഒന്നുമുതൽ പത്തു വരെ സ്‌കൂൾ വാർഷികാഘോഷത്തിൽ നൃത്തം അവതരിപ്പിക്കുമായിരുന്നു. വാർഷികത്തിനു മാത്രമായുള്ള ഒന്നോ രണ്ടോ മാസത്തെ നൃത്താഭ്യസനമായിരുന്നു അത്. പഠനശേഷം തൃശൂർ ടെക്‌നിക്കൽ ഹൈസകൂളിൽ അദ്ധ്യാപികയായപ്പോൾ നൃത്തത്തോട് തത്കാലം വിട പറഞ്ഞു.
ആറു കൊല്ലം മുമ്പ് വിരമിച്ചപ്പോൾ നൃത്തമോഹം വീണ്ടും തലപൊക്കി. ഇനി പഠിക്കാനാകുമോ എന്ന് ആറു മാസം മുമ്പ് പൂങ്കുന്നം ബാലാജി കലാഭവനിലെ നൃത്താദ്ധ്യാപിക വിജയലക്ഷ്മിയോട് ചോദിച്ചപ്പോൾ താത്പര്യമുണ്ടെങ്കിൽ കഴിയുമെന്ന് മറുപടി. അങ്ങനെ തുടങ്ങിയ പഠനമാണ് അരങ്ങേറ്റത്തിലെത്തിയത്. 60 മുതൽ 63 വയസ് വരെയുള്ളവരുടെ മോഹിനിയാട്ടവും അരങ്ങേറിയിരുന്നു.
മോഹിനിയാട്ടത്തേക്കാൾ ബുദ്ധിമുട്ടാണ് ഭരതനാട്യമെങ്കിലും ശാരിമോൾ പിന്മാറിയില്ല. ആറ് വർഷം മുമ്പ് കാൽ വേദനയ്ക്ക് ആയുർവേദ ചികിത്സ നടത്തിയിരുന്നു. ഇപ്പോഴും മരുന്ന് ഉപയോഗിക്കുന്നുണ്ട്. പഠിക്കുമ്പോൾ വേദന വന്നാൽ മരുന്നു പുരട്ടി നൃത്തം തുടരും. അരങ്ങേറ്റത്തിന് മുമ്പുമുണ്ടായി, മരുന്നു പ്രയോഗം. ഭർത്താവ് അജിത് (ബിസിനസ്), മക്കളായ വിഷ്ണു, അനിമ എന്നിവരുടെ പിന്തുണയും പ്രചോദനമായി.
അദ്ധ്യയനത്തിലും മികവ്
അദ്ധ്യാപികയായിരിക്കെ ഫാഷൻ ഡിസൈനിംഗ് കോഴ്‌സ് തുടങ്ങാൻ മുൻകൈയെടുത്തു. മറ്റ് അദ്ധ്യാപകർക്കൊപ്പം രണ്ടു വർഷത്തെ പാഠ്യപദ്ധതിക്കുള്ള ആറ് ടെക്സ്റ്റ് ബുക്കുകളും ഒരെണ്ണം സ്വന്തമായും തയ്യാറാക്കി. തയ്യൽ ക്‌ളാസ് ഫാഷൻ ഡിസൈനിംഗിലേക്ക് മാറ്റിയതോടെ കുട്ടികളുടെ കുറവും പരിഹരിക്കാനായി.
നൃത്തം കണ്ട് പലരും അത്ഭുതപ്പെട്ടു. കൂടുതൽ ഇനങ്ങൾ പഠിച്ച് സംഘത്തോടൊപ്പം അരങ്ങിലെത്തും.
- ശാരിമോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |