മലപ്പുറം: കരിപ്പൂർ വിമാനത്താവളം വികസനത്തിനായി ഭൂമിയേറ്റെടുക്കും മുമ്പ് നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിൽ സാമൂഹികാഘാത പഠനം മുടങ്ങിയതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഖേന സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.
പഠനം നടത്തുന്നതിനായി ജനുവരി 16ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. സഹായം തേടി പള്ളിക്കൽ, നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ സമീപിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ സാമുഹികാഘാത പഠനം താത്കാലികമായി നിറുത്തിവച്ച് സംഘം മടങ്ങി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സെന്റർ ഫോർ മാനേജ്മെന്റ് അധികൃതർക്ക് സർക്കാർ നൽകിയ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിട വിലയുടെ ഇരട്ടിയും നഷ്ടപരിഹാരമായി നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടിയ തുകയ്ക്ക് രജിസ്റ്റർ ചെയ്ത ആധാരങ്ങൾ അടിസ്ഥാനമാക്കിയും കര, ചതുപ്പ് എന്നിങ്ങനെ ഭൂമി തരംതിരിച്ചുമാവും നഷ്ടപരിഹാരം നൽകുക. സർക്കാരിലേക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ ആധാരത്തിൽ വില കുറച്ച് രേഖപ്പെടുത്തുന്ന പതിവ് തിരിച്ചടിയാവുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. സർക്കാർ നിശ്ചയിക്കുന്ന വിപണി വില യഥാർത്ഥ വിലയെ പ്രതിഫിലിപ്പിക്കുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പുനരധിവാസത്തിനായി താമസവീട്ടിൽ നിന്നും കുടിയിറക്കപ്പെടുന്നവർക്ക് ഒറ്റത്തവണ ധനസഹായമായി മൂന്ന് ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരുവർഷത്തേക്ക് പ്രതിമാസം 5,000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗതച്ചെലവായി 50,000 രൂപ, ഒറ്റത്തവണ അലവൻസായി 50,000 രൂപ എന്നിങ്ങനെ ലഭിക്കുമെന്ന് പറയുമ്പോഴും ഇത് സംബന്ധിച്ച് ഉത്തരവോ, വ്യക്തമായ മറുപടിയോ അധികൃതർ നൽകുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
എന്ന് പൂർത്തിയാവും
പള്ളിക്കൽ വില്ലേജിൽ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കർ ഭൂമിയും അടക്കം 14.5 ഏക്കറാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനായി 74 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കാൻ സർക്കാരിൽ നിന്നുള്ള ഭരണാനുമതിക്ക് പിന്നാലെ റവന്യൂ വകുപ്പ് അതിർത്തി നിർണ്ണയിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിലാണ് എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാവും എന്നതടക്കം കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. റിപ്പോർട്ട് ലഭിക്കും മുറയ്ക്ക് ഇത് പരിശോധിക്കാൻ ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. പരമാവധി രണ്ട് മാസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കണം. സർക്കാർ ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങും. ആറ് മാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |