# ഡിസംബറിലെ പെൻഷൻ മുടങ്ങി
ആലപ്പുഴ: ക്ഷേമനിധി വിഹിതത്തിൽ ആവശ്യത്തിന് തുകയുണ്ടായിട്ടും ലഭിക്കുന്ന തുച്ഛമായ പെൻഷൻ പോലും പുതുവർഷത്തിൽ അവതാളത്തിലായ ഗതികേടിലാണ് അങ്കണവാടി ജീവനക്കാർ. ഡിസംബറിലെ പെൻഷൻ ജനുവരി അഞ്ചിനു മുമ്പ് ലഭിക്കേണ്ടതായിരുന്നു. ഇതുവരെ കിട്ടിയില്ല. മുമ്പ് കൊവിഡ് കാലത്താണ് പെൻഷൻ മുടങ്ങിയത്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിനു പിന്നിലെന്ന് ജീവനക്കാരും സംഘടനകളും ആരോപിക്കുന്നു.
35 വർഷത്തോളം ജോലി ചെയ്ത് 62-ാം വയസിൽ പെൻഷനാകുന്ന ഇവർക്ക്, തങ്ങൾ തന്നെ വിഹിതമടയ്ക്കുന്ന ക്ഷേമനിധിയിൽ നിന്ന് വർക്കർക്ക് 2500 രൂപയും ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷനായി ലഭിക്കുന്നത്. ക്ഷേമനിധിയിൽ ഫണ്ടില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പറയുന്നു. മിനിമം വേതനം, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം, അവധി തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾക്ക് പോലും വർഷങ്ങളോളം സമരം ചെയ്യേണ്ടി വന്നവരാണ് അങ്കണവാടി ജീവനക്കാർ. പെൻഷൻ തുക വൈകുന്നതിന്റെ കാരണം അന്വേഷിച്ച അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചതാവട്ടെ വിശ്വാസയോഗ്യമല്ലാത്ത കാരണങ്ങളും.
.................
ഉദ്യോഗസ്ഥരുടെ വിശദീകരണം
# പ്രോജക്ട് ഓഫീസിൽ ലിസ്റ്റ് തയ്യാറായിട്ടില്ല
# ക്ഷേമനിധിയിൽ ഫണ്ടില്ല
# പെൻഷൻ അനുവദിക്കാൻ സർക്കാർ അനുമതി ലഭിച്ചില്ല
ആനുകൂല്യം (അങ്കണവാട് വർക്കർ, ഹെൽപ്പർ)
# ഓണറേറിയം: 12000 - 8000
# ക്ഷേമനിധി: 500 - 200
# പെൻഷൻ: 2500 - 1500
പുതുവർഷത്തിൽ പെൻഷൻ വൈകുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിശദീകരണങ്ങളൊന്നും വിശ്വാസയോഗ്യമല്ല. ക്ഷേമനിധി വിഹിതം മാത്രം ഉപയോഗിച്ച് പെൻഷൻ നൽകാൻ സാധിക്കും
വിജയകുമാർ, ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |