SignIn
Kerala Kaumudi Online
Wednesday, 08 May 2024 9.20 PM IST

കേന്ദ്ര ബ‌ഡ്ജറ്റിനെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ

chakkunni
മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച ബഡ്ജറ്റ് അവലോകന ചർച്ച.

@ജി.എസ്.ടിയിൽ ഉടക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: കേന്ദ്ര ബ‌ഡ്ജറ്റിനെ സ്വാഗതം ചെയ്ത് മലബാറിലെ വിവിധ സംഘടനകൾ. മലബാർ ചേംബർ ഒഫ് കൊമേഴ്സ്, കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ്, മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ എന്നിവർ ബ‌ഡ്ജറ്റിനെ സ്വാഗതം ചെയ്തു. ജി.എസ്.ടി സമാശ്വാസ നടപടികൾ ഇല്ലാത്തതിനാൽ വ്യാപാര മേഖലയെ തീർത്തും അവഗണിച്ചെന്നായിരുന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ പ്രതികരണം. എയിംസ് അനുവദിക്കാത്തത് ജില്ലയ്ക്ക് നിരാശയായി.

@ രാജ്യത്തിന്റെ ദീർഘകാല പുരോഗതിക്ക്

ഗുണം ചെയ്യും: മലബാർ ചേംബർ


ബഡ്ജറ്റ് രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ഗുണം ചെയ്യുമെന്ന് മലബാർ ചേംബർ ഒഫ് കൊമേഴ്‌സ്. അടിസ്ഥാന സൗകര്യ വികസനത്തിന് 400 ശതമാനത്തിലധികം അധികതുക വിലയിരുത്തിയതും വ്യവസായ മേഖലയ്ക്ക് വായ്പാ സഹായം പ്രഖ്യാപിച്ചതും മദ്ധ്യവർഗത്തിന് ആശ്വാസമാണ്. എന്നാൽ എയിംസ് അടക്കം കേരളത്തിൽ മറ്റ് പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തത് നിരാശജനകമാണ്. വരുമാന നികുതി പ്രതീക്ഷിച്ചത്ര കുറവില്ലെങ്കിലും കുറച്ചത് സ്വാഗതാർഹമാണ്. റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തിയത് ഇതാദ്യമായാണെന്ന് ചേംബർ വിലയിരുത്തി. രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാൻ ലക്ഷം കോടിയുടെ പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത് രാജ്യ പുരോഗതിയ്ക്ക് ഗുണപ്രദമാണ്. മലബാർ ചേംബർ ഹാളിൽ നടന്ന അവലോകന യോഗത്തിൽ പ്രസിഡന്റ് എം.എ മെഹബൂബ്. സെക്രട്ടറി കെ.അരുൺ കുമാർ , മുൻ പ്രസിഡന്റ് കെ.വി. ഹസീബ് അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

@ വികസനത്തിൽ ഊന്നിയുള്ള

ബഡ്ജറ്റെന്ന് കാലിക്കറ്റ് ചേംബർ

കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെന്നും വികസനത്തിന് ഊന്നൽ കൊടുത്തിട്ടുണ്ടെന്നും കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തി. 15 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെച്ചത് റെയിൽവേ വികസനത്തിന് നീക്കിവെച്ച 2.4 ലക്ഷം കോടി രൂപയിൽ കേരളത്തിന് വന്ദേഭാരത് ട്രെയിനും കൂടാതെ ട്രെയിനിന്റെ വേഗത കൂട്ടാൻ റെയിൽപാള നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന് നീക്കിവെച്ച ബഡ്ജറ്റ് വിഹിതം കേരളത്തിന് ഏറ്റവും ഉപകാരപ്രദമാവുമെന്നും എയിംസ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെകിലും പോസ്റ്റ് ബഡ്ജറ്റിൽ വരുമെന്ന് പ്രതീക്ഷിക്കാമെന്ന് ചേംബർ ഭാരവാഹികൾ പറഞ്ഞു.
ആദായ നികുതിയിൽ ഇളവ് വരുത്തിയത്, സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമാകും. 75000 കോടി രൂപ പൊതു ഗതാഗതത്തിനു വേണ്ടി മാത്രം മാറ്റിവെച്ചത് കേരളത്തിന് അനുകൂലമാകുമെന്നും ചേംബർ വിലയിരുത്തി. എം.എസ്.എം.ഇ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം അനുവദിച്ചതും, അടിസ്ഥാന വികസനത്തിന് മുൻഗണന നൽകിയതും , നികുതി തർക്കങ്ങൾ പരിഹരിക്കാൻ ആംനെസ്റ്റി പദ്ധതി നടപ്പാക്കിയതും , കസ്റ്റംസ് തീരുവ 21 നിന്ന് 13 ശതമാനമാക്കി കുറച്ചതും സ്വാഗതാർഹമാണ്. ബഡ്ജറ്റ് അവലോകനയോഗത്തിൽ ചേംബർ പ്രസിഡന്റ് റാഫി.പി ദേവസ്സി, സെക്രട്ടറി എ. പി. അബ്ദുള്ളകുട്ടി , മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ , മുൻ പ്രസിഡന്റ് ടി.പി അഹമ്മദ് കോയ, വൈസ് പ്രസിഡന്റ് എൻ. കെ. നാസർ, ട്രഷറർ ബോബിഷ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

@ സ്വാഗതാർഹമെന്ന്

വിവിധ സംഘടനകൾ


ബഡ്ജറ്റ് സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ അവലോകനയോഗം വിലയിരുത്തി. മുൻഗണനാക്രമത്തിൽ ഏഴിന പ്രഖ്യാപനങ്ങൾ, ആരോഗ്യ വിനോദസഞ്ചാര വിദ്യാഭ്യാസ യുവജന കാർഷിക ഫിഷറീസ് അടിസ്ഥാന സൗകര്യ വികസനം റെയിൽവേ വ്യോമയാന സമസ്ത മേഖലകളിൽ ചലനം സൃഷ്ടിക്കാനുതകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറ‌ഞ്ഞു.
യുവജനങ്ങൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കെല്ലാം സമാശ്വാസം നൽകുന്നതാണ്. റെയിൽവേക്ക് മുൻകാലങ്ങളെക്കാൾ പതിന്മടങ്ങ് വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ആദായനികുതി ഇളവ് പരിധി പുതിയ സ്‌കീം സ്വീകരിക്കുന്നവർക്ക് ഉയർത്തിയത് ഒരു പരിധിവരെ ഗുണം ചെയ്യും. ബഡ്ജറ്റിൽ പ്രഖ്യാപിച്ച 50 എയർപോർട്ടുകളിൽ ഒന്ന് കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലോ അനുയോജ്യമായ സ്ഥലത്തോ സ്ഥാപിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ടി വകുപ്പ് മുൻ ജോയിന്റ് കമ്മിഷണർ കെ.സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പൻ, എ.കെ.സി.സി. താമരശ്ശേരി രൂപത വൈസ് പ്രസിഡന്റ് ബേബി കിഴക്കേഭാഗം, ഓൾ കേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോസി.വി ചുങ്കത്ത്, ഫൂട്ട് വെയർ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് സാദിഖ് പള്ളിക്കണ്ടി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേസ് അസോസിയേഷൻ കൺവീനർ ടി.പി.വാസു, സിറ്റി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ഐ അഷ്റഫ്, ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി ജനറൽ കൺവീനർ എം.സി ജോൺസൺ, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. ഐ. അജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. എം. കെ. അയ്യപ്പൻ സ്വാഗതവും സി.സി മനോജ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.