ആലപ്പുഴ: ആദായനികുതിയിലെ പരിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റിൽ ജില്ലയ്ക്ക് നിരാശ. ആലപ്പുഴയ്ക്ക് ഉപകരിക്കപ്പെട്ടേക്കും എന്ന് ഗണിച്ചെടുക്കാവുന്ന ഒരുപിടി പ്രഖ്യാപനങ്ങളുണ്ടെങ്കിലും പ്രയോജനമുണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. പ്രധാനമന്ത്രി കിസാൻ പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചത് കുട്ടനാടൻ കർഷകർക്കുൾപ്പെടെ തിരിച്ചടിയായി. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതും പൊതുവിൽ കേരളത്തിന് തന്നെ തിരിച്ചടിയായി. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുമെന്ന പ്രഖ്യാപനം പരോക്ഷമായി ആലപ്പുഴയ്ക്കും പ്രതീക്ഷ നൽകുന്നതാണ്.
# വിനോദസഞ്ചാരം
രാജ്യത്തെ 50 വിനോദസഞ്ചാരകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് വികസിപ്പിക്കുമെന്നാണ് ബഡ്ജറ്റ് പ്രഖ്യാപനം. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദർശിക്കാവുന്ന തരത്തിലാവും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. ആഭ്യന്തര ടൂറിസത്തിന് 'നമ്മുടെ നാട് കാണൂ' പദ്ധതിയും വിനോദസഞ്ചാര മേഖലയ്ക്ക് വേണ്ടി മാത്രം പുതിയ ആപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായതിനാൽ ആലപ്പുഴയും പദ്ധതിയിൽ പ്രതീക്ഷ പുലർത്തുന്നുണ്ട്.
# തീരമേഖല
രാജ്യത്തെ തീരമേഖലയ്ക്ക് വേണ്ടി 6000 കോടിയുടെ അനുബന്ധ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏതെങ്കിലും അംശം ആലപ്പുഴ തീരത്തോ, കേരളത്തിന്റെ മത്സ്യമേഖലയിലോ പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണണം.
# കണ്ടലിന് 'മിഷ്ടി'
കണ്ടൽ കാടുകളുടെ വികസനത്തിന് വേണ്ടി മാത്രം 'മിഷ്ടി' എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലാകെ 90 ഹെക്ടർ കണ്ടൽ വനമാണ് ശേഷിക്കുന്നത്. ഇത് സംരക്ഷിക്കാൻ പദ്ധതി ഉപകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി സ്നേഹികൾ.
#റെയിൽവേ
റെയിൽവേ മേഖലയിൽ അനുവദിച്ചിരിക്കുന്ന 2.40 ലക്ഷം കോടിയിൽ കേരളവും പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതേസമയം തീരദേശ പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള ആവശ്യങ്ങൾ തള്ളിക്കളഞ്ഞത് ആലപ്പുഴയ്ക്കും തിരിച്ചടിയായി.
ഓരോ പദ്ധതിക്കും പുതിയ പേര് കണ്ടുപിടിക്കാനാണ് ധനമന്ത്രി ഇത്തവണ സമയം ചെലവഴിച്ചത്. കേരളം എത്രയോ കാലം മുമ്പ് നടപ്പാക്കിയ പദ്ധതികൾ പോലും പുതിയ പേരിൽ അവതരിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ പരിഗണിച്ചില്ല. മത്സ്യമേഖലയ്ക്ക് വേണ്ടി കേരളം 5000 കോടി പ്രഖ്യാപിച്ച സ്ഥാനത്താണ് കേന്ദ്രം രാജ്യത്തിന് ഒട്ടാകെ 6000 കോടി പ്രഖ്യാപിച്ചിരിക്കുന്നത്
എ.എം.ആരിഫ് എം.പി
പ്രധാനമന്ത്രി കിസാൻ പദ്ധതിക്കുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചത് കർഷകരോടുള്ള അനീതിയാണ്. മുൻ ബഡ്ജറ്റിൽ 66,825 കോടി വകയിരുത്തിയത് പുതിയ ബഡ്ജറ്റിൽ 60,000 കോടിയായി കുറച്ചു. കടുത്ത പ്രതിസന്ധിയിൽ ഉഴലുന്ന കർഷകരെ വീണ്ടും ലോൺ മാഫിയയ്ക്കും അനിശ്ചിതത്വത്തിനും വിട്ടുകൊടുക്കുകയാണ്. രാഷ്ട്രീയ പകപോക്കൽ ഉൾക്കൊള്ളുന്ന ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്
കൊടിക്കുന്നിൽ സുരേഷ് എം.പി
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണത്തിന് ബഡ്ജറ്റ് ലക്ഷ്യം വെയ്ക്കുന്നു. മത്സ്യ സമ്പാദ്യ പദ്ധതിയിൽ 6000 കോടി മാറ്റിവച്ചത് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾക്കും ആശ്വാസകരമാണ്
എം.വി.ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |