മലപ്പുറം: ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ ക്രൈംബ്രാഞ്ച് എസ്.ഐ റിമാൻഡിൽ. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടീരി സ്വദേശി സുഹൈൽ(36), കൂട്ടുനിന്ന ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ എന്നിവരെയാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. 2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ പ്രതിയിൽ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കേസ് ഒതുക്കിത്തീർക്കാൻ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിൽ പരാതി നൽകുകയായിരുന്നു.2017ൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈക്കോടതി വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് കാരണം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കഴിയാതിരുന്ന പരാതിക്കാരൻ വ്യവസ്ഥകൾ ലഘൂകരിച്ച് നൽകാൻ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവേ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സബ് ഇൻസ്‌പെക്ടർ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ പരാതിക്കാരനെതിരെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോൺ നൽകണമെന്നും ആവശ്യപ്പെട്ടു. കേസ് മയപ്പെടുത്തുന്നതിന് 3.5 ലക്ഷം രൂപ കൂടി കൈക്കൂലിയായി വേണമെന്നും ആവശ്യപ്പെട്ടു. 3.5 ലക്ഷം രൂപ ഉടനടി നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുമുണ്ടെന്നും സാവകാശം വേണമെന്നും പരാതിക്കാരൻ അറിയിച്ചു. പണം നൽകിയില്ലെങ്കിൽ പരാതിക്കാരൻ പ്രതിയായ കേസിൽ ഇടപെട്ട് കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് പരാതിക്കാരൻ വിജിലൻസ് ആസ്ഥാനത്തെത്തി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 50,000 രൂപ സുഹൈലിന്റെ ആവശ്യ പ്രകാരം എജന്റ് മുഹമ്മദ് ബഷീറിന്റെ പക്കൽ ഏൽപ്പിക്കവേ മുഹമ്മദ് ബഷീറിനെയും തുടർന്ന് സൂഹൈലിനേയും വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |