മലപ്പുറം: ദോഹയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഒരു കിലോയിലധികം സ്വർണം അരീക്കോടുവച്ച് പൊലീസ് പിടികൂടി. സ്വർണംകടത്തിയ യാത്രക്കാരനെയും കള്ളക്കടത്ത് സ്വർണം സ്വീകരിച്ച മൂന്നുപേരെയും അറസ്റ്റുചെയ്തു. ഇവർ സഞ്ചരിച്ച കാറും കാരിയർക്കുള്ള ഒരുലക്ഷം രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 6.30ന് ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കൊടിയത്തൂർ സ്വദേശി അഷ്‌റഫ് (56), സ്വർണം കൈപ്പറ്റിയ താമരശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസിൽ (40) എന്നിവരാണ് 63 ലക്ഷം രൂപയുടെ 1,063 ഗ്രാം സ്വർണവുമായി പിടിയിലായത്.
സ്വർണം മിശ്രിതരൂപത്തിൽ നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് അഷ്‌റഫ് കടത്തിയത്. കടത്തുസ്വർണം കൈപ്പറ്റി അഷ്‌റഫിനെയും കുടുംബത്തെയും കാറിൽ കൊടിയത്തൂരിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
സ്വർണവുമായി അരീക്കോടുവഴി കൊടിയത്തൂരിലേക്ക് ഒരുസംഘം പോവുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അരീക്കോട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ അഷ്‌റഫും കൂട്ടാളികളും സ്വർണമുണ്ടെന്നത് നിഷേധിച്ചു. ലഗേജുകൾ പരിശോധിച്ചപ്പോഴും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നാല് കാപ്സ്യൂളുകൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണവും ഒരുലക്ഷം രൂപയും വാഹനവും കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് സമർപ്പിക്കും. കാലിക്കറ്റ് എയർപോർട്ടിന് പുറത്ത് പൊലീസ് പരിശോധന കർശനമാക്കിയതിനെത്തുടർന്ന് നെടുമ്പാശേരി, കണ്ണൂർ എയർപോർട്ടുകളിലേക്ക് കള്ളക്കടത്ത് സംഘം ചുവട് മാറ്റിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |