കൊല്ലം: സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ കെ സ്റ്രോറുകൾ ആരംഭിക്കാൻ കടകൾ വാടകയ്ക്കെടുത്ത് പതിനായിരങ്ങൾ മുടക്കി സൗകര്യങ്ങൾ ഒരുക്കിയ റേഷൻ വ്യാപാരികൾ കടത്തിലായി.
പൊതുവിതരണ വകുപ്പ് ഇനിയും പദ്ധതി ആരംഭിക്കാത്തതിനാൽ കഴിഞ്ഞ ആറ് മാസമായി വെറുതേ വാടക നൽകുകയാണ്. സാധനങ്ങൾ നിരത്താനുള്ള റാക്കുകൾ സജ്ജമാക്കാൻ പലരും വാങ്ങിയ കടവും വരുമാനം ലഭിക്കാത്തതിനാൽ പെരുകുകയാണ്.
റേഷൻ ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ 13 സബ്സിഡി ഇനങ്ങൾ അടക്കമുള്ള സപ്ലൈകോ, മിൽമ ഉത്പന്നങ്ങൾ, വിവിധ അപേക്ഷകൾ സമർപ്പിക്കൽ, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ബില്ലടയ്ക്കൽ അടക്കമുള്ള ഓൺലൈൻ സേവനങ്ങൾ, അയ്യായിരം രൂപ വരെ പിൻവലിക്കാവുന്ന മിനി എ.ടി.എം കൗണ്ടർ, ചെറിയ ഗ്യാസ് സിലിണ്ടർ വിതരണം തുടങ്ങിയവയാണ് കെ സ്റ്റോറുകൾ വഴി സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
മാവേലി സ്റ്റോറുകൾ തൊട്ടടുത്തില്ലാത്ത ഗ്രാമ പ്രദേശങ്ങൾക്കായിരുന്നു മുൻഗണന. കൂടുതൽ സാധനങ്ങൾ എത്തുന്നതോടെ റേഷൻ വാങ്ങാനെത്തുന്നവരുടെ എണ്ണം ഉയർന്ന് വ്യാപാരികൾക്കുള്ള കമ്മിഷനും വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വരുമാനമില്ല, കടം പെരുകുന്നു
കെ സ്റ്റോറുകൾക്ക് റേഷൻ കടയോട് ചേർന്ന് കുറഞ്ഞത് അഞ്ഞൂറ് ചതുരശ്രയടി സൗകര്യം വേണം
അനുമതി ലഭിച്ചവർ റേഷൻകടയോട് ചേർന്ന് ലക്ഷങ്ങൾ ഡെപ്പോസിറ്റ് നൽകി പുതിയ കടമുറി സംഘടിപ്പിച്ചു
തൊട്ടുചേർന്ന് പുതിയ കടമുറി കിട്ടാത്തത്തതിനാൽ റേഷൻകട തന്നെ മാറ്റിസ്ഥാപിച്ചവരുമുണ്ട്
അടിസ്ഥാന സൗകര്യം ഒരുക്കാൻ അഞ്ച് ശതമാനം പലിശയിൽ രണ്ട് ലക്ഷം രൂപ വായ്പ നൽകുമെന്ന് പറഞ്ഞതും നടന്നില്ല
പലരും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാണ് പുതിയ കടകൾ വാടകയ്ക്കെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയത്
വൈകുന്നതിന് പിന്നിൽ
റേഷൻ കടകളിൽ സബ്സിഡി ഇനങ്ങളടക്കമുള്ള എല്ലാ സപ്ലൈകോ ഉത്പന്നങ്ങളും ലഭിക്കുന്നതോടെ സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും കച്ചവടം ഇടിയുമെന്ന് ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടന പരാതി നൽകിയതോടെയാണ് കെ സ്റ്റോറുകളുമായി ബന്ധപ്പെട്ട പ്രവർത്തനം സ്തംഭിച്ചതെന്ന് ആരോപണമുണ്ട്.
ജി.എസ്.ടിയുടെ തലയിൽ
രണ്ടുമാസം മുമ്പ് ചേർന്ന വകുപ്പ് തല യോഗത്തിൽ കെ സ്റ്റോറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനമാകാനുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജില്ലയിൽ ഏഴെണ്ണം
ജില്ലയിൽ ആദ്യഘട്ടത്തിൽ 12 കെ സ്റ്റോറുകളാണ് അനുവദിച്ചിരുന്നത്. പിന്നീടത് ഏഴായി ചുരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |