SignIn
Kerala Kaumudi Online
Saturday, 25 March 2023 4.21 AM IST

ഏതു കാട്ടാനയേയും വരുതിക്ക് നിർത്തിയിരുന്ന ശക്തിവേലിനെ കൊലകൊമ്പന് മുന്നിൽ പെടുത്തിയത് മഞ്ഞ്, സഞ്ചാരികൾ സൂക്ഷിക്കുക

sakthivel-watcher

'പോടാ, ഇങ്ക നിക്കാതെ കാട്ടിൽ കേറി പോടാ' നവംബർ 29ന് സ്‌കൂട്ടറിൽ വരുമ്പോൾ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറയ്ക്ക് സമീപം റോഡിലിറങ്ങിയ 'മുറിവാലൻ കൊമ്പൻ" എന്ന ഒറ്റയാനോട് ശക്തിവേൽ പറഞ്ഞു. ഇത് കേട്ടപാടെ കൊച്ചുകുട്ടിയെ പോലെ പരുങ്ങിയ കാട്ടാന കാട്ടിലേക്ക് കയറിപ്പോയി. മറ്റുള്ളവർ അദ്ഭുതത്തോടെ ഈ കാഴ്ച കണ്ടുനിന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ വാച്ചർ ശക്തിവേൽ പ്രസിദ്ധനായി. വന്യമൃഗങ്ങളെ തുരത്താൻ വനംവകുപ്പ് വാച്ചറായിരുന്ന ശക്തിവേലിന് പ്രത്യേക കഴിവായിരുന്നു. 12 വയസ് മുതൽ ശക്തിവേലിന് കാടിനെ അറിയാം. അതിനാൽ ആന മാത്രമല്ല എല്ലാ മൃഗങ്ങളുടെയും സ്വഭാവസവിശേഷതകൾ ഈ വാച്ചർക്ക് സുപരിചിതമായിരുന്നു. ആനയിറങ്കൽ മേഖലയിൽ ശക്തിവേലിനെ റോഡിൽ കണ്ടാൽ സമാധാനത്തോടെ യാത്ര ചെയ്യാമെന്നാണു ഡ്രൈവർമാർ പറയാറുള്ളത്. 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രക്കാരെ രണ്ടാഴ്ചമുമ്പ് ശക്തിവേൽ രക്ഷപ്പെടുത്തിയിരുന്നു. ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ആത്മവിശ്വാസവും ഒരു മുളവടിയും മാത്രമായിരുന്നു ശക്തിവേലിന്റെ കൈമുതൽ.

'ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, മുറിവാലൻകൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടാനകളെല്ലാം ഈ കാട്ടിൽ ജനിച്ചുവളർന്നതാ. എല്ലാം എന്റെ കൺമുന്നിൽ വളർന്ന പാവങ്ങളാ' ശക്തിവേൽ പറയുമായിരുന്നു. അതിനാൽത്തന്നെ കാട്ടാനകൾ നാട്ടിലിറങ്ങുമ്പോൾ നാട്ടുകാരുടെ ആശ്വാസമായിരുന്നു ഈ ശാന്തമ്പാറക്കാരൻ. എന്നാൽ കാട്ടാനയെ തുരത്തി നാടിന്റെ ഭീതിയകറ്റാൻ ഇനി ശക്തിവേൽ ഇല്ല. മൂടൽമഞ്ഞിൽ കാട്ടാനക്കൂട്ടത്തിനിടയിൽപ്പെട്ട ശക്തിവേൽ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

അന്ന് രാവിലെ ആറിന് വീട്ടിൽ നിന്നിറങ്ങിയതാണ് ശക്തിവേൽ. പന്നിയാർ എസ്റ്റേറ്റിന് സമീപം രണ്ട് കുട്ടിയാനകളും ആറ് പിടിയാനകളുമുൾപ്പെടുന്ന സംഘം എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ശക്തിവേൽ ഇവിടേക്ക് പുറപ്പെടുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ പന്നിയാർ എസ്റ്റേറ്റിനു സമീപമെത്തി. ആൾത്താമസമില്ലാത്ത ഈ തോട്ടം മേഖലയിലാണ് ആറ് പിടിയാനകളും രണ്ട് കുട്ടിയാനകളും നിലയുറപ്പിച്ചിരുന്നത്.

ഉച്ചയായിട്ടും ശക്തിവേൽ തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പന്നിയാർ എസ്റ്റേറ്റിൽ വനാതിർത്തിയോട് ചേർന്ന ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മൂടൽമഞ്ഞായതിനാൽ ശക്തിവേലിന് ആനക്കൂട്ടത്തെ കാണാൻ കഴിഞ്ഞില്ല. ദേഹമാസകലം കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന നിലയിലായിരുന്നു. വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചക്കക്കൊമ്പനെന്ന് പേരുള്ള കാട്ടാനയുടെ ആക്രമണത്തിലാണ് ശക്തിവേൽ കൊല്ലപ്പെട്ടതെന്നതാണ് കരുതുന്നത്. പൊലീസ് എത്തും മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശക്തിവേലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മ‌ൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഈ ആരോപണം പ്രത്യേക വിജിലൻസ് സംഘത്തെ നിയോഗിച്ച് അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇടുക്കിയിൽ നടന്ന സർവകക്ഷിയോഗത്തിൽ ഉറപ്പ് നൽകി. വീഴ്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തോണ്ടിമലയിൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനശല്യം രൂക്ഷമായതോടെ തദ്ദേശീയരായ വാച്ചർമാരെ നിയമിക്കാൻ വനം വകുപ്പ് തീരുമാനിച്ചത് 2014ലാണ്. ആദ്യം ശക്തിവേലും പിന്നീട് 23 പേരും വാച്ചർമാരായി ചേർന്നു. വൈൽഡ്‌ ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ അവാർഡ് ശക്തിവേൽ ഉൾപ്പെടുന്ന എട്ടംഗ ദ്രുതപ്രതികരണ സേനയ്ക്കു ലഭിച്ചിരുന്നു.

കൊല്ലപ്പെട്ട ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശക്തിവേലിന്റെ അവിവാഹിതയായ മകൾക്ക് വനംവകുപ്പിൽ അനുയോജ്യമായ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.

ഇരയായി അമ്മയും ഗർഭസ്ഥശിശുവും

കാട്ടാനയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചതും ശക്തിവേൽ കൊല്ലപ്പെട്ട അതേ ദിവസമാണ്. ഇടമലക്കുടി ഷെഡ്ഡ് കുടി അസ്‌മോഹന്റെ ഭാര്യ അംബികയാണ് (36) മരിച്ചത്. ഏഴ് മാസം ഗർഭിണിയായിരുന്ന ഇവരുടെ ഗർഭസ്ഥശിശു വീഴ്ചയുടെ ആഘാതത്തിൽ, മരിച്ചിരുന്നു. കഴിഞ്ഞ 15ന് രാവിലെ എട്ടുമണിയോടെ കുളിക്കാൻപോയ യുവതി കാട്ടാനയെ കണ്ട് പേടിച്ചോടുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണ് രക്തസ്രാവമുണ്ടായി ബോധരഹിതയായി പുഴയോരത്ത് കിടക്കുന്ന നിലയിലാണ് ബന്ധുക്കൾ അംബികയെ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആംബുലൻസ് ലഭിക്കാതെ വന്നതോടെ യുവതിയെ സ്‌ട്രെക്ച്ചറിൽ കിടത്തിയ ശേഷം ജീപ്പിൽ കെട്ടിവച്ചാണ് പെട്ടിമുടിയിലെത്തിച്ചത്. അവിടെ നിന്ന് 108 ആംബുലൻസിൽ വൈകിട്ട് ഏഴുമണിയോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞു മരിച്ചതായി കണ്ടെത്തിയെങ്കിലും സൗകര്യ കുറവുമൂലം ഐ.സി.യു ആംബുലൻസിൽ രാത്രി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുട്ടിയെ പുറത്തെടുത്തെങ്കിലും യുവതിയുടെ നില ഗുരുതരമായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി 25ന് ഉച്ചയോടെ മരിച്ചു.

അറുതയില്ല,​ പൊലിയുന്ന ജീവനുകൾക്ക്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം ഇടുക്കി ജില്ലയിൽ പൊലിഞ്ഞത് 44 ജീവനുകളാണ്. പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിലാകെ കൊല്ലപ്പെട്ടത് 70 പേരാണ്. ഇക്കാലഘട്ടത്തിൽ വന്യജീവിയാക്രമണത്തിൽ പരിക്കേറ്റത് 540 പേർക്ക്. അഞ്ചുകോടി രൂപയുടെ കൃഷിനാശമാണുണ്ടായത്. കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ വന്യജീവിശല്യം തടയാനായി സർക്കാർ ചെലവിട്ടത് ഒമ്പത് കോടി രൂപയാണ്. ഫെൻസിങ്, ട്രഞ്ച്, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്, എസ്.എം.എസ് അലർട്ട്, ദ്രുതപ്രതികരണസേനയുടെ സേവനം തുടങ്ങിയ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കിയത്. എന്നാൽ അതുകൊണ്ടൊന്നും വന്യമൃഗശല്യം തെല്ലുപോലും കുറയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സമരം ചെയ്ത് മടുത്തു
അടിക്കടിയുണ്ടാകുന്ന കാട്ടാന ആക്രമണത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരസമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധവും ഹർത്താലുകളും ഉൾപ്പെടെ സമരങ്ങളുമായി ജനങ്ങൾ പലതവണ രംഗത്തെത്തിയെങ്കിലും അധികൃതർ വാഗ്ദാനങ്ങൾ നൽകി ശാന്തരാക്കി വിടുക മാത്രമാണ് ചെയ്യുന്നത്. പലതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കാട്ടാനയെ പേടിച്ച് രാത്രി സമാധാനമായി വീട്ടിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. കാട്ടാനയെ എത്രയും ഉൾക്കാട്ടുകളിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ രാത്രി ഉറക്കമിളച്ച് കാത്തിരിക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു.

ആനകളുടെ ആവാസകേന്ദ്രം

ആനയിറങ്കൽ അണക്കെട്ടിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്നവയാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ. മുമ്പ് കിലോമീറ്ററുകൾ വിസ്തൃതിയുള്ള ഇവിടത്തെ പുൽമേടുകളും വനവും ഒരിക്കൽ ആനകളുടെ ആവാസകേന്ദ്രമായിരുന്നു. ചക്കക്കൊമ്പൻ, അരിക്കൊമ്പൻ, മുറിവാലൻകൊമ്പൻ, ചില്ലിക്കൊമ്പൻ, പാത്തിക്കാലൻ, മുറിവാലൻ തുടങ്ങിയവയടക്കം മുപ്പതോളം കാട്ടാനകളാണ് മേഖലയിലുള്ളത്.

തുരത്താൻ വയനാടൻ സംഘം

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കാൻ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാൻ വനംമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ സ്‌പെഷൽ ടീമിനെ ജില്ലയിലെത്തിക്കുമെന്നാണ് വനംമന്ത്രി പറഞ്ഞത്. വന്യജീവിശല്യം നേരിടുന്നതിന് നിലവിലുള്ള റാപിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) കൂടാതെ താത്കാലികമായി അധിക ആർ.ആർ.ടികൾ സജ്ജമാക്കും. വന്യജീവി ആക്രമണങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തുക രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വന്യജീവി ആക്രമണം നേരിടുന്ന ജനവാസ മേഖലകൾക്ക് ചുറ്റും 21 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടിയും ഉടൻ ആരംഭിക്കും. ഇത്തരം മേഖലകളിൽ നിരീക്ഷണം ശക്തമാക്കുന്നതിന് ഇടുക്കി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും കാമറകളും സ്ഥാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAKTHIVEL, WILD ELEPHANT ATTACK, WATCHER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.