SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

സാമൂഹ്യ നീതിക്കായി പോരാടിയ വിപ്ലവകാരി 

d


ഏകാധിപത്യവും സവർണാധിപത്യവും കൊടികുത്തിവാണ കാലത്ത് അധ:സ്ഥിതരെന്ന് മുദ്ര‌യടിക്കപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി ധീരമായ സമരമുഖം തുറന്ന വിപ്ളവകാരിയായിരുന്നു സി.കേശവൻ. കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഏടാണ് സി.കേശവന്റേത്. പിന്നാക്ക സമുദായത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ മാത്രമല്ല കേരളത്തിന്റെ സാമൂഹ്യ,രാഷ്ട്രീയ ഭരണതല ചരിത്രങ്ങളിലെല്ലാം സി.കേശവന് സവിശേഷമായ സ്ഥാനമുണ്ട്.

അദ്ദേഹത്തിന്റെ ആത്മധൈര്യവും കർമ്മശേഷിയും, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണത്തിനുവേണ്ടി ഇന്നും പോരാടേണ്ടി വരുന്ന നമ്മൾക്ക് ആവേശവും കരുത്തും പകരുന്നു. പ്രത്യേകിച്ച് സാമൂഹ്യനീതിക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ വർഗീയവാദിയെന്ന് മുദ്രകുത്തി കരിവാരി തേയ്ക്കാനുള്ള ആസൂത്രിതശ്രമം നടക്കുന്ന ഇക്കാലത്ത്. ഓരോ വ്യക്തിക്കും അന്തസും, മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ക്രമത്തെയാണ് ഭരണാധികാരി എന്നനിലയിൽ അദ്ദേഹം ലക്ഷ്യമിട്ടത്.

തൊഴിലാളികൾക്കു മിനിമം വേതനം ഉറപ്പാക്കുന്ന ബില്ല് പാസാക്കിയതു കൂടാതെ ഭൂപരിഷ്‌കരണ ബില്ലിനു തുടക്കമിടാനും അദ്ദേഹത്തിനു കഴിഞ്ഞു. സി.കേശവന്റെ കാലത്താണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്. ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ദർശനം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. സമഭാവനയോടെയുള്ള മനുഷ്യജീവിതം സ്വപ്‌നം കണ്ട കേശവന് ജാതീയമായ അന്തരങ്ങൾ സൃഷ്ടിക്കുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങളെ ഉൾക്കൊളളാനായില്ല.

അയിത്തവും അസ്പർശ്യതയും ആ മനസിനെ ആഴത്തിൽ വേദനിപ്പിച്ചു. കേരള മണ്ണിൽ നിന്ന് ഇത്തരം ദുരാചാരങ്ങളെ എന്നേക്കുമായി തുടച്ചു നീക്കണമെന്ന നിശ്ചയത്തോടെ കഠിനപ്രയത്നത്തിൽ മുഴുകി. ഒരു ഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറി പദത്തിലുമെത്തി.

പോരാട്ട വീര്യത്തിന്റെ പ്രതീകം

നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മേയ് 11ന് കോഴഞ്ചേരിയിൽ നടത്തിയ സുപ്രധാന പ്രസംഗം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തപ്പെട്ടതാണ്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഉദ്ഘാടനമായിരുന്നു അന്നത്തെ പ്രസംഗം. ജീവൻ പണയപ്പെടുത്തിക്കൊണ്ട് മാത്രമേ അന്ന് അങ്ങനെയൊരു പ്രസംഗം നടത്താൻ കഴിയുമായിരുന്നുള്ളു. പ്രതാപശാലിയും ശക്തനുമായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ ദിവാൻ പദത്തിൽ അന്ന് പ്രവേശിച്ചിരുന്നില്ലെങ്കിലും തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേഷ്ടാവെന്ന നിലയിൽ ഭരണചക്രം തിരിക്കുന്നത് അദ്ദേഹമായിരുന്നു.

''സർ സി.പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല, അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലിമിനും ഒരുഗുണവും ചെയ്യില്ല. ഈ വിദ്വാൻ ഇവിടെ വന്നതിൽ പിന്നെയാണ് തിരുവിതാംകൂർ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്തു പരന്നത്. ഈ മനുഷ്യൻ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കില്ല''. ഇങ്ങനെ അസാമാന്യ ധൈര്യം കാട്ടിയ പ്രസംഗമാണ് സി.കേശവൻ നടത്തിയത്.

പ്രസംഗം രാജ്യദ്രോഹപരമെന്നാരോപിച്ച് 1935 ജൂൺ 7ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്തു വച്ച് അദ്ദേഹത്തെ അറസ്റ്റുചെയ്തു. ഒരുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷിച്ചു. രണ്ടു മാസത്തേക്ക് പ്രസംഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. അറസ്റ്റ് വരിക്കുന്നതിന് മുമ്പ് 'നിങ്ങളാരും വിഷമിക്കരുത്, സർ സി.പിക്ക് ദാഹിക്കുന്നു, ഞാൻ എന്റെ രക്തം കൊടുത്തിട്ട് വരട്ടെ' എന്ന് സി.കേശവൻ പറഞ്ഞ വാചകം ഇന്നും പിന്നാക്കക്കാരുടെ പോരാട്ടവീര്യത്തിന്റെ പ്രതീകമായി പ്രതിധ്വനിക്കുന്നുണ്ട്.

ജനസംഖ്യാനുപാതിക

പ്രാതിനിദ്ധ്യം

അധികാര പദവിയിലേക്ക് മാറിയപ്പോഴും പലർക്കും അനുഭവപ്പെടുന്നത് പോലെ ആദർശഭ്രംശം അദ്ദേഹത്തെ തീണ്ടിയില്ല.തിരു-കൊച്ചി മുഖ്യമന്ത്രിയെന്ന നിലയിലും നിവർത്തന പ്രക്ഷോഭത്തിന്റെ നെടുനായകനെന്ന നിലയിലും കേരള നവോത്ഥാനത്തിൽ സി.കേശവൻ വഹിച്ച പങ്കിനെക്കുറിച്ച് ആധുനിക സമൂഹം വേണ്ടത്ര ചർച്ച ചെയ്യുന്നില്ലെന്നത് ഖേദകരമാണ്.

പിന്നാക്ക വിഭാഗങ്ങൾ സി.കേശവനെ വേണ്ടരീതിയിൽ വിലയിരുത്തപ്പെടാതെ പോകുന്നത് ചരിത്രത്തെ തമസ്കരിക്കുന്നതിന് സമാനമാണ്. നിവർത്തന പ്രക്ഷോഭത്തിൽ അദ്ദേഹം ഉന്നയിച്ച ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം എന്ന ആവശ്യത്തിന് കാര്യമാത്രപ്രസക്തമായ പരിഹാരം കണ്ടെത്താൻ കാലമേറെ കഴിഞ്ഞിട്ടും മാറിമാറി വരുന്ന സർക്കാരുകളോ നേതൃത്വങ്ങളോ തയ്യാറായിട്ടില്ലെന്ന യാഥാർത്ഥ്യം ഇന്നും നിലനിൽക്കുന്നു.

സംഘടിത വോട്ടു ബാങ്ക് അല്ലാത്ത പിന്നാക്കക്കാർ എക്കാലവും വെള്ളംകോരികളും വിറകുവെട്ടികളുമായി ഒപ്പം നിന്നുകൊള്ളുമെന്ന ധാരണയിൽ മുഖ്യരാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള ശ്രമങ്ങളിലേക്ക് ചുവടുമാറ്റി.

സാമൂഹ്യനീതി

ഇന്നും അകലെ

102 സീറ്റോടെ വൻവിജയം നേടി വി.ഡി.സതീശൻ മന്ത്രിസഭ ഉത്സവപ്രതീതിയിൽ അധികാരമേറ്റെങ്കിലും ജനസംഖ്യയിൽ 40 ശതമാനത്തിലേറെ വരുന്ന ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കിയില്ല. ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് മൂന്നുപേർക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും കൈയിൽ വന്നത് തീർത്തും അപ്രധാന വകുപ്പുകളാണ്.

ഭൂരിപക്ഷം മന്ത്രിസ്ഥാനങ്ങളും മുസ്ലിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്കായി വീതിച്ചു നൽകിയപ്പോൾ വിശ്വകർമ്മ അടക്കം പല പിന്നാക്ക വിഭാഗങ്ങൾക്കും പരിഗണന ലഭിച്ചതേയില്ല. സുപ്രധാന വകുപ്പുകളെന്ന് പറയാവുന്ന ധനകാര്യം, ആഭ്യന്തരം, ആരോഗ്യം, പൊതുമരാമത്ത്, റവന്യു, വിദ്യാഭ്യാസം, വൈദ്യുതി, തദ്ദേശസ്വയംഭരണം തുടങ്ങിയവയിൽ ഒന്നുപോലും ഈ മന്ത്രിമാർക്ക് നൽകിയില്ല.

മുസ്ലിംലീഗിന് ലഭിച്ച 5 മന്ത്രിമാരടക്കം ആ സമുദായത്തിൽ നിന്ന് 6 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമുണ്ട്. ക്രൈസ്തവ വിഭാഗത്തിനും 6 മന്ത്രിമാരെ ലഭിച്ചു. 1962ൽ ആർ.ശങ്കർ കേരള മുഖ്യമന്ത്രിയായശേഷം സംസ്ഥാനത്ത് കോൺഗ്രസിൽ നിന്ന് ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വകയില്ല.

ഏറെക്കാലമായി നിയമസഭയിൽ യു.ഡി.എഫിലെ ഈഴവ സമുദായ പ്രാതിനിദ്ധ്യം ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 63 സീറ്റുകൾ ലഭിച്ചതിൽ ഈഴവ സമുദായക്കാരായ 9 എം.എൽ.എമാരുണ്ട്. 2016ലും 2021ലും കേരള നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളിലെ ഈഴവ പ്രാതിനിദ്ധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നതായിരുന്നു.

2001ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ ആദ്യം 4 മന്ത്രിമാരും പിന്നീട് 2004ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 5 മന്ത്രിമാരും ഈഴവ സമുദായക്കാരായുണ്ടായിരുന്നു. സി.കേശവന്റ ധൈര്യവും പോരാട്ട വീര്യവും ആവാഹിച്ച ഒരു സമുദായത്തെ എക്കാലവും ചവിട്ടിത്താഴ്ത്താൻ അധികാര ശക്തികൾക്ക് കഴിയില്ല. പിന്നാക്ക വിഭാഗത്തിൽനിന്ന് ആദ്യമായി മുഖ്യമന്ത്രി പദത്തിൽ എത്തിയ നേതാവ് എന്നതിനപ്പുറം നിർണായകമായ ചരിത്രമുഹൂർത്തങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ അവശവിഭാഗങ്ങൾക്ക് എന്നും മാതൃകയാണ്.

ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാർ ഭരണ, ഔദ്യോഗിക തലങ്ങളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കാതെ പിന്തള്ളപ്പെടുന്ന ഈ കാലഘട്ടത്തിൽ നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന സി.കേശവന്റെ ഓർമ്മകൾ കൂടുതൽ ദീപ്തമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY